You are currently viewing പ്രണയം ഒരു കുറ്റമല്ല; ആരോപണങ്ങൾ രാഷ്ട്രീയ കുപ്രചാരണം: മന്ത്രി കെ.ബി. ഗണേഷ് കുമാർ

പ്രണയം ഒരു കുറ്റമല്ല; ആരോപണങ്ങൾ രാഷ്ട്രീയ കുപ്രചാരണം: മന്ത്രി കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: തനിക്കെതിരായി അടുത്തിടെ ഉയർന്ന ആരോപണങ്ങളെ ശക്തമായി തള്ളിക്കളഞ്ഞ് കെ ബി ഗണേഷ് കുമാർ. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമായ കുപ്രചരണങ്ങളാണെന്നും, തന്റെ വ്യക്തിജീവിതം മറ്റാരുടേയും വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“പ്രണയം ഒരു കുറ്റമല്ല. ജീവിതത്തിൽ പലർക്കും പോലെ എനിക്കും പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അത് എന്റെ പൊതുപ്രവർത്തനത്തെയോ ജനങ്ങളുമായുള്ള ബന്ധത്തെയോ ബാധിക്കുന്ന കാര്യമല്ല,” എന്ന് മന്ത്രി പറഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കോൺഗ്രസ് ഈ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. താൻ മന്ത്രിയാകുന്നത് തടയാൻ മുമ്പും ഇത്തരത്തിലുള്ള നീക്കങ്ങൾ നടന്നിട്ടുണ്ടെന്നും, തനിക്കെതിരെ ഒരു ക്രിമിനൽ കേസുപോലും നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ മുൻ ഡിജിപിയായ ആർ ശ്രീലേഖയ്ക്ക് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ച മന്ത്രി, അവർക്കു അസൂയയാണെന്നു പരിഹസിക്കുകയും ചെയ്തു.

അതേസമയം സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ ഉന്നയിച്ച ആരോപണങ്ങളും മന്ത്രി തള്ളിക്കളഞ്ഞു. മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയെ താൻ ഉപദ്രവിച്ചിട്ടില്ലെന്നും, ഈ വിഷയത്തിൽ സിബിഐയ്ക്ക് നൽകിയ മൊഴി പൊതുരേഖയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനാപുരത്തെ ജനങ്ങൾക്ക് തന്നെ നന്നായി അറിയാമെന്നും ഇത്തരം വിവാദങ്ങൾ തന്റെ ജനപിന്തുണ കുറയ്ക്കുന്നതിന് പകരം ഭൂരിപക്ഷം വർധിപ്പിക്കുമെന്ന ആത്മവിശ്വാസവും മന്ത്രി പ്രകടിപ്പിച്ചു.

.

Leave a Reply