You are currently viewing പ്രമുഖ ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

പ്രമുഖ ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും കേരള ചരിത്രഗവേഷണ കൗൺസിൽ സ്ഥാപകചെയർമാനുമായ കെ എൻ പണിക്കർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ജവഹർ നഗറിലെ വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് വൈകിട്ട് 4 മണിക്ക് ശാന്തികവാടം ശ്മശാനത്തിൽ സംസ്കാരചടങ്ങുകൾ നടക്കും.

ചരിത്രരചനയിൽ മാർക്സിസ്റ്റ് കാഴ്ചപ്പാട് സ്വീകരിച്ചിരുന്ന പണിക്കർ ഇന്ത്യയിലെ പ്രമുഖ ചരിത്രകാരൻമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്നു. മതേതരത്വത്തിനും ശാസ്ത്രീയ ചരിത്രബോധത്തിനും വേണ്ടി ശക്തമായി നിലകൊണ്ട അദ്ദേഹം ഇന്ത്യൻ ചരിത്രരചനയിൽ പുരോഗമനപരമായ ചിന്തകൾ സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

1936-ൽ ഗുരുവായൂരിലെ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടെയും മകനായി ജനിച്ച പണിക്കർ ചാവക്കാട് ബോർഡ് ഹൈസ്കൂൾ, പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജ്, യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. തുടർന്ന് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ചരിത്രവിഭാഗത്തിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അവിടെ വകുപ്പുമേധാവി, സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീൻ, ആർക്കൈവ്സ് ഓഫ് കണ്ടെമ്പററി ഹിസ്റ്ററിയുടെ ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
കൂടാതെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർ‌വകലാശാല വൈസ് ചാൻസലറായും പ്രവർത്തിച്ചു. അവസാനമായി കേരള ഹയർ എജ്യുക്കേഷൻ കൗൺസിലിന്റെ ചെയർമാനായിരുന്നു.
അധിനിവേശ കാലഘട്ടത്തിലെ സാംസ്കാരിക-ഭൗതിക ചരിത്രവും ഇന്ത്യൻ കൊളോണിയലിസത്തിന്റെയും ആധുനികതയുടെയും ചരിത്രവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖലകൾ. ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രപരമായ വികാസം ആഴത്തിൽ വിശകലനം ചെയ്യുന്ന നിരവധി പഠനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്.

കൾച്ചർ ആൻഡ് കോൺഷ്യസ്‌നസ് ഇൻ മോഡേൺ ഇന്ത്യ, എഗൈൻസ്റ്റ് ലോർഡ് അൻഡ് സ്‌റ്റേറ്റ്സ്, ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ, ഇന്റെറോഗേറ്റിങ് കൊളോണിയൽ മോഡേണിറ്റി, കൾച്ചർ ആൻഡ് കോൺഷ്യസ്‌നസ് ഇൻ മോഡേൺ ഇന്ത്യ, ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ, കൾച്ചർ ഐഡിയോളജി ആൻഡ് ഹെഗിമണി, കമ്മ്യൂണൽ ത്രെട്ട് സെക്കുലർ ചലഞ്ച്, കണ്ടമ്പററി ഇന്ത്യ: കൾച്ചർ ആൻഡ് പൊളിറ്റിക്സ് മുതലായ ഗ്രന്ഥങ്ങൾ കൂടാതെ നിരവധി പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുമുണ്ട്. 2017-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു.

Leave a Reply