തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ഭരണചുമതലയിൽ സുപ്രധാന മാറ്റം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വെള്ളിയാഴ്ച (ജൂലൈ 10) തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഓഗസ്റ്റ് 15 മുതൽ പോലീസ് സ്റ്റേഷനുകളുടെ സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) ചുമതല വീണ്ടും സബ് ഇൻസ്പെക്ടർമാർക്ക് (എസ്‌ഐ) കൈമാറുമെന്ന് മന്ത്രി അറിയിച്ചത്.
സർക്കിൾ ഇൻസ്പെക്ടർമാർക്ക് (സി.ഐ) സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല നൽകിയിരുന്ന മുൻ തീരുമാനം പിൻവലിച്ചാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. ഇതോടെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ദൈനംദിന ഭരണ-നിയമപരിപാലന ചുമതലകൾ വീണ്ടും എസ്‌ഐമാർ നിർവഹിക്കും.
ലഹരിമരുന്ന് കടത്തും ഉപയോഗവും തടയുന്നതിനായി അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പി.മാരുടെയും കേന്ദ്ര ഏജൻസികളുടെയും പങ്കാളിത്തത്തോടെ പോലീസ് ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നതായും മന്ത്രി അറിയിച്ചു. കേരളം വിജയകരമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ക്യാമ്പയിൻ ദക്ഷിണേന്ത്യയിലാകെ ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. ഇതിനായി ഓരോ സംസ്ഥാനത്തും എസ്.പി. റാങ്കിലോ അതിന് മുകളിലോ ഉള്ള ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിക്കും.
ലഹരിക്കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ സംസ്ഥാനത്ത് രണ്ട് പ്രത്യേക എൻ.ഡി.പി.എസ്. കോടതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ടെന്നും, പത്ത് കോടതികൾ കൂടി അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയോ, പ്രതികളെ ബലമായി മോചിപ്പിക്കാൻ ശ്രമിക്കുകയോ, പോലീസുകാരെ ആക്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ലഹരിസംഘങ്ങളെക്കുറിച്ച് സംശയം തോന്നുന്ന സാഹചര്യങ്ങളിൽ പൊതുജനങ്ങൾ നിയമം കയ്യിലെടുക്കാതെ പോലീസിനെ വിവരം അറിയിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം അഭ്യർഥിച്ചു.