
കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിലായി. കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട 4 പേരെ ഇടുക്കി മുണ്ടക്കയത്തിന് അടുത്ത് നിന്ന് പൊലീസ് പിടികൂടി. ആകെ എട്ട് പ്രതികളും പിടിയിലായതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചു.

ജിം-സന്തോഷ് വധക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഒന്നാം പ്രതി അലുവ അതുലിനെ കാറിൽ പിൻതുടർന്ന സംഘം വെട്ടിക്കൊലപ്പെടുത്തി. അതുലിനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി മനുവിന് കൈയ്ക്ക് വെട്ടേറ്റുജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിലെത്തി മടങ്ങി പോകുന്നതിനിടയിൽ പിന്തുടർന്നെത്തിയ കാർ അതുൽ സഞ്ചരിച്ചിരുന്ന കാറിനെ റോഡിന് സമീപത്തെ കുഴിയിലേക്ക് ഇടിച്ചിട്ടു. തുടർന്ന് മാരകായുധങ്ങളുമായി ഇറങ്ങിയ സംഘം അതുലിനെ നിരവധി തവണ വെട്ടി. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്ന് വിവരം. ജിം സന്തോഷ് കൊലപാതകം നടന്ന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്.