കൊല്ലം: കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന കല്ലുംതാഴം മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നതായി ജില്ലാ കളക്ടർ ആനി ജൂലാ തോമസ് അറിയിച്ചു. ഗതാഗതക്കുരുക്ക് നേരിട്ട് വിലയിരുത്തുന്നതിനായി പദ്ധതിപ്രദേശം സന്ദർശിച്ച കളക്ടർ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി അവലോകന യോഗവും ചേർന്നു.
യോഗത്തിൽ ജൂലൈ അവസാനത്തോടെ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനാകുമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനുള്ള നടപടികൾ തുടരുന്നത്.
നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്ക് കല്ലുംതാഴം വഴി പോകേണ്ട വാഹനങ്ങൾ നിലവിൽ കരിക്കോട് ടി.കെ.എം. റോഡിലൂടെ തിരിച്ചുവിടുന്നുണ്ട്. ഗതാഗത നിയന്ത്രണങ്ങൾ പാലിച്ച് യാത്ര ചെയ്യണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
മേൽപ്പാലം പൂർത്തിയാകുന്നതോടെ കല്ലുംതാഴം മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകുമെന്നും നഗരത്തിലൂടെയുള്ള യാത്ര കൂടുതൽ സുഗമമാകുമെന്നും ജില്ലാ ഭരണകൂടം പ്രതീക്ഷ പ്രകടിപ്പിച്ചു.