You are currently viewing ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിൽ: നേവി ഹെലികോപ്റ്റർ ഉപയോഗിച്ച് അന്വേഷണം തുടരണമെന്ന് അമ്മ രേഷ്മ

ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിൽ: നേവി ഹെലികോപ്റ്റർ ഉപയോഗിച്ച് അന്വേഷണം തുടരണമെന്ന് അമ്മ രേഷ്മ

കൊല്ലം നീണ്ടകരയിൽ കടലിൽ വള്ളം മറിഞ്ഞ് കാണാതായ 26-കാരനായ ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിലിന് ഇന്ത്യൻ നേവിയുടെ സഹായം തേടി കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് അമ്മ രേഷ്മ. കൂടുതൽ ഇന്ധനശേഷിയുള്ള നേവി ഹെലികോപ്റ്റർ ഉപയോഗിച്ച് തെരച്ചിൽ വ്യാപിപ്പിക്കണമെന്നാണ് രേഷ്മയുടെ ആവശ്യം.

കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണവുമായി ബന്ധപ്പെട്ട താൻ തൃപ്തയാണോ എന്ന് അന്വേഷിച്ചിരുന്നുവെന്നും രേഷ്മ പറഞ്ഞു. എന്നാൽ കോസ്റ്റ് കാർഡ് നടത്തിയ അന്വേഷണത്തിൽ തനിക്ക് തൃപ്തിയില്ലെന്നും അവർ വ്യക്തമാക്കി.
“കൂടുതൽ ഫ്യൂവൽ കപ്പാസിറ്റിയുള്ള ഒരു ഹെലികോപ്റ്റർ അയച്ച് തെരച്ചിൽ തുടരണമെന്നാണ് എന്റെ അപേക്ഷ. മൂന്ന് തലമുറകളിലുള്ള ആളുകളെയാണ് ഞങ്ങൾക്ക് നഷ്ടമായത്. അതിൽ എന്റെ പ്രിയപ്പെട്ട മകനും ഉൾപ്പെടുന്നു. ഞങ്ങളുടെ ദുഃഖം മനസ്സിലാക്കി നേവി ഹെലികോപ്റ്റർ ഉപയോഗിച്ച് തെരച്ചിൽ തുടരാൻ സുരേഷ് ഗോപി സാറിനോട് അപേക്ഷിക്കുകയാണ്,” രേഷ്മ പറഞ്ഞു.

അപകടത്തിൽ ഗൗതം കൃഷ്ണയുടെ മുത്തശ്ശൻ രാജീവൻ (74), അച്ഛൻ രാധാകൃഷ്ണൻ (46) എന്നിവരും കാണാതായിരുന്നു. അപകടദിവസം തന്നെ രാജീവന്റെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി. തൊട്ടടുത്ത ദിവസം രാധാകൃഷ്ണന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

അതേസമയം, ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിൽ ശക്തമായി തുടരുകയാണ്. ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായാണ് കടലിലും ആകാശമാർഗവും തെരച്ചിൽ നടത്തുന്നത്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഗൗതം കൃഷ്ണയെ കണ്ടെത്താനുള്ള ശ്രമങ്ങൾ അതീവ തീവ്രമായി തുടരുകയാണ്.

Leave a Reply