
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.

കുറുവങ്ങാട് അക്വഡക്ടിന് സമീപം സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് ആദ്യം ഇലക്ട്രിക് പോസ്റ്റിലും തുടർന്ന് മതിലിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടറിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കളും തൽക്ഷണം മരണപ്പെട്ടു.
മരിച്ചവർ മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളായ കൊല്ലം സ്വദേശിയായ നന്ദ കിഷാർ, കായംകുളം സ്വദേശിയായ അഭിയാൻ, പാലക്കാട് സ്വദേശിയായ അഭിനവ് എന്നിവരാണ്. അഭിയാൻ, കായംകുളം കീരിക്കാട് അലങ്കാറിന്റെ കൊച്ചുമകനും നൂറനാട് സർക്കാർ ആശുപത്രിയിലെ അസിസ്റ്റന്റ് സർജനായ ഡോ. മുജീബ് റഹ്മാന്റെ മകനുമാണ്.
അപകടത്തിന് പിന്നാലെ നാട്ടുകാരും പോലീസും ചേർന്ന് യുവാക്കളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.