
വടകര: നഗരത്തിലെ രൂക്ഷമായ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി അടിയന്തരവും പ്രായോഗികവുമായ നടപടികൾ സ്വീകരിക്കാൻ ഉന്നതതല യോഗം ചേർന്നു. കോഴിക്കോട് ജില്ലാ കളക്ടറുടെയും വടകര ആർഡിഒയുടെയും നേതൃത്വത്തിൽ ഓഗസ്റ്റ് 3-ന് ചേർന്ന യോഗത്തിലാണ് ഗതാഗത പരിഷ്കാരങ്ങൾ സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. വടകര എംഎൽഎ കെ.കെ. രമയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്.

പെരുവാട്ടും താഴ ജംഗ്ഷനിൽ തലശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മേൽപാലം കറങ്ങി പഴയ സ്റ്റാൻഡ് ഭാഗത്തേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിനായി മേൽപാലത്തിന് കീഴിൽ കോൺക്രീറ്റ് ചെയ്ത് നേരിട്ട് പ്രവേശിക്കാൻ റോഡ് ഒരുക്കും. ലിങ്ക് റോഡ് ജംഗ്ഷനിൽ നിന്ന് ഗവ. ആശുപത്രി റോഡിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനും മേൽപാലത്തിന് കീഴിൽ സമാനമായ രീതിയിൽ റോഡ് നിർമിക്കും.
ലിങ്ക് റോഡിൽ നിന്ന് പുറപ്പെടുന്ന ബസുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റിയ നടപടി പുനഃപരിശോധിക്കും. ഓണം കഴിയുന്നതുവരെയെങ്കിലും ബസുകൾ ലിങ്ക് റോഡിൽ നിന്ന് തന്നെ സർവീസ് നടത്തുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തും.
പഴയ സ്റ്റാൻഡ് മുതൽ അഞ്ചുവിളക്ക് ഭാഗത്തേക്കുള്ള റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡർ സ്ഥാപിച്ച് ട്രാഫിക് പരിഷ്കാരം നടപ്പാക്കും. ഇതിനായി കൂടുതൽ പോലീസിനെ വിന്യസിക്കും. കാൽനട യാത്രക്കാർ സീബ്രാ ലൈനിലൂടെ അനുവദിച്ച സമയത്ത് മാത്രമേ റോഡ് മുറിച്ചുകടക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കും.
MRAയ്ക്ക് മുന്നിലെ പൂർത്തിയാകാത്ത സർവീസ് റോഡ് എത്രയും വേഗം പൂർത്തിയാക്കി കരിമ്പന പാലവുമായി ബന്ധിപ്പിക്കും. കരിമ്പന പാലത്തിന്റെ കിഴക്കുഭാഗത്തെ സർവീസ് റോഡും അടിയന്തരമായി പൂർത്തിയാക്കി ഇരുഭാഗത്തേക്കുമുള്ള ഗതാഗതം സാധ്യമാക്കും. നാലോ അഞ്ചോ ദിവസം മഴ മാറിനിന്നാൽ അഴിയൂർ മുതൽ കരിമ്പന പാലം വരെയുള്ള സർവീസ് റോഡ് ഗതാഗതയോഗ്യമാക്കുമെന്നും യോഗത്തിൽ തീരുമാനമായി.
വലിയ വാഹനങ്ങൾ പഴയ ബസ് സ്റ്റാൻഡ് റോഡിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിനായി നിർദേശ ബോർഡുകൾ സ്ഥാപിക്കും. വടകരയിലെ ട്രാഫിക് പ്രശ്നങ്ങളും നിലവിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളും പഠിക്കുന്നതിനായി എഞ്ചിനീയറിംഗ് ടീമിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.
സാൻഡ് ബാങ്ക്സിലേക്ക് പോകുന്ന ബസുകൾ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് തന്നെ യാത്രക്കാരെ കയറ്റണം. കോടതിക്ക് സമീപം ബസുകൾ കൂടുതൽ സമയം നിർത്തിയിടുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചു. ഡിപ്പോയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾ പെരുവാട്ടുംതാഴ വഴി പോകുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തും.
റസ്റ്റ് ഹൗസ് റോഡിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും മാർക്കറ്റ് റോഡിൽ ചരക്കിറക്കുന്ന വാഹനങ്ങൾക്ക് നിർത്തുന്നതിനുള്ള സ്ഥലം പ്രത്യേകം അടയാളപ്പെടുത്താനും തീരുമാനിച്ചു. മാർക്കറ്റ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും.
വടകരയിലെ ഗതാഗത പ്രശ്നങ്ങൾക്കും നിർദേശിക്കപ്പെട്ട പരിഷ്കാരങ്ങൾക്കും ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് യോഗം ചേർന്നതെന്ന് കെ.കെ. രമയുടെ പോസ്റ്റിൽ പറയുന്നു.
എംപിയുടെ പ്രതിനിധി, എൻഎച്ച് പ്രോജക്ട് ഡയറക്ടർ, പോലീസ് ഉദ്യോഗസ്ഥർ, വ്യാപാരി പ്രതിനിധികൾ, തഹസിൽദാർ, എൽ.എ. തഹസിൽദാർ, നഗരസഭാ ചെയർപേഴ്സൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.