
ശാസ്താംകോട്ട: കുന്നത്തൂർ മണ്ഡലത്തെ സമഗ്രമായി വികസിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദ് പറഞ്ഞു. പത്രിക സമർപ്പണത്തിന് ശേഷം ശാസ്താംകോട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

കഴിഞ്ഞ 25 വർഷമായി മണ്ഡലം വികസനത്തിൽ പിന്നോക്കം നിൽക്കുകയാണെന്നും, ‘വികസിത കുന്നത്തൂർ’ എന്ന പദ്ധതിയുമായി ജനങ്ങളെ സമീപിക്കുമെന്നും രാജി പ്രസാദ് വ്യക്തമാക്കി. ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.
കുടിവെള്ള ക്ഷാമം പരിഹരിച്ച് എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുമെന്നും, തകർന്ന റോഡുകൾ നവീകരിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്തുമെന്നും അവർ പറഞ്ഞു. തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാൻ കൃഷി, ചെറുകിട വ്യവസായം, ടൂറിസം മേഖലകളിൽ പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും കശുവണ്ടി മേഖലയെ സംരക്ഷിക്കുമെന്നും കൂട്ടിച്ചേർത്തു.
കുന്നത്തൂരിന്റെ മുന്നേറ്റത്തിന് രാഷ്ട്രീയ മാറ്റം അനിവാര്യമാണെന്നും കേന്ദ്ര പദ്ധതികൾ മണ്ഡലത്തിൽ എത്തിക്കുമെന്നും രാജി പ്രസാദ് വ്യക്തമാക്കി. മറ്റ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.