You are currently viewing ശബരിമല തീർത്ഥാടക കുടുംബത്തിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; ഒന്നര വയസ്സുകാരനും പരിക്ക്, നാലുപേർ അറസ്റ്റിൽ

ശബരിമല തീർത്ഥാടക കുടുംബത്തിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; ഒന്നര വയസ്സുകാരനും പരിക്ക്, നാലുപേർ അറസ്റ്റിൽ

കൊട്ടാരക്കര: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൈക്കുഞ്ഞ് ഉൾപ്പെടെയുള്ള എട്ടംഗ തീർത്ഥാടക കുടുംബത്തിന് നേരെ മദ്യപിച്ചെത്തിയ നാലംഗ സംഘത്തിന്റെ ആക്രമണം. വാഹനങ്ങൾ തമ്മിൽ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സ്ത്രീകളെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും സംഘം മർദിച്ചതായാണ് വിവരം.

തീർത്ഥാടക കുടുംബം സഞ്ചരിച്ചിരുന്ന വാഹനവും പ്രതികൾ എത്തിയ കാറും തമ്മിൽ തട്ടിയതിനെത്തുടർന്നാണ് തർക്കമുണ്ടായത്. ഇതിനിടെ കാറിന്റെ റിയർ വ്യൂ മിറർ പൊട്ടിയതോടെ മദ്യലഹരിയിലായിരുന്ന സംഘം അക്രമാസക്തരാവുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളെയും കുഞ്ഞിനെയും സംഘം ക്രൂരമായി മർദിച്ചു. ആക്രമണത്തിൽ ഒന്നര വയസ്സുള്ള കുട്ടിക്കും പരിക്കേറ്റു. സംഭവത്തിൽ ഇടപെടാൻ ശ്രമിച്ച സമീപത്തെ പഴക്കച്ചവടക്കാരെയും സംഘം ആക്രമിച്ചതായും ഇവരുടെ വാഹനത്തിന്റെ താക്കോൽ കൈക്കലാക്കിയതായും വിവരമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സ്വദേശികളായ പ്രണവ്, ഷിബിൻ, ശരത്, പ്രവീൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ കടുത്ത മദ്യലഹരിയിലായിരുന്നുവെന്നും ഇവരുടെ വാഹനത്തിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടക കുടുംബത്തെ നടുറോഡിൽ ആക്രമിച്ച സംഭവം പ്രദേശത്ത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Leave a Reply