
കൊച്ചി:ഓടുന്ന ട്രെയിനിൽ നിന്ന് വീണ് കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. കൊല്ലം പുല്ലാമല സ്വദേശി രാഹുൽ (18) ആണ് കൊച്ചി വൈറ്റില പൊന്നുരുന്നി ഭാഗത്ത് ട്രാക്കിലേക്ക് വീണ് മരിച്ചത്.

മലബാർ എക്സ്പ്രസിൽ കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു രാഹുൽ. ട്രെയിൻ അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ കോച്ചിന്റെ വാതിൽപടിയിൽ ഇരുന്നായിരുന്നു യാത്ര. പുലർച്ചെ ഏകദേശം 3.30-ഓടെ കാൽ വഴുതിയോ നിയന്ത്രണം നഷ്ടപ്പെട്ടോ രാഹുൽ ട്രാക്കിലേക്ക് വീഴുകയായിരുന്നു.

പുലർച്ചെയായതിനാലും ട്രെയിനിനുള്ളിലായിരുന്നതിനാലും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാഹുൽ വീണ വിവരം ഉടൻ അറിഞ്ഞില്ല. ട്രെയിൻ ആലപ്പുഴ ജില്ലയിലെ കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് രാഹുലിനെ കാണാനില്ലെന്ന് സുഹൃത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കായംകുളം റെയിൽവേ പോലീസിൽ വിവരമറിയിച്ചു.
റെയിൽവേ പോലീസ് മറ്റ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി ട്രാക്ക് കേന്ദ്രീകരിച്ച് തിരച്ചിൽ തുടങ്ങി. ഇതിനിടെ പൊന്നുരുന്നിയിൽ റെയിൽവേ ട്രാക്കിനരികെ ഒരു മൃതദേഹം കിടക്കുന്നത് പ്രദേശവാസികൾ കണ്ട് പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം രാഹുലിന്റേതാണെന്ന് സ്ഥിരീകരിച്ചു.
കടവന്ത്ര പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആംബുലൻസിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.