
കൊല്ലം:മന്ത്രിമാരുടെ വിദേശയാത്രാ വിവാദത്തിൽ ശക്തമായ പ്രതികരണവുമായി കേരള കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. തുടർച്ചയായ ജോലികൾക്കിടയിൽ മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ എന്ന് അദ്ദേഹം ചോദിച്ചു. തനിക്ക് 37 വയസ്സ് മാത്രമേയുള്ളൂവെന്നും ഒരു ‘തന്ത വൈബ്’ പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാർക്ക് ആർക്കും സ്വകാര്യ നിമിഷങ്ങൾ പാടില്ലേ എന്ന് ചോദിച്ച ജനീഷ്, ഇത് ഏത് കാലമാണെന്ന് വിമർശകരോടും ചോദിച്ചു. തുടർച്ചയായ ജോലികൾക്കിടയിൽ ആരായാലും ചെറിയ ഇടവേള എടുക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്റെ വിദേശയാത്രകൾ സർക്കാർ ചെലവിലായിരുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാരിനെ ബുദ്ധിമുട്ടിക്കാതെയും ചുമതലകളിൽ വീഴ്ച വരുത്താതെയും പൗരന്റെ നികുതിപ്പണം നഷ്ടപ്പെടുത്താതെയുമാണ് യാത്രകൾ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം പോയതുപോലെയല്ല തങ്ങൾ പോയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോകത്തെവിടെയുമുള്ള മലയാളികൾ ജനപ്രതിനിധികളെ സ്നേഹത്തോടെ ക്ഷണിക്കുമ്പോൾ സമയവും സാഹചര്യവും നോക്കിയാണ് പോകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മസ്കറ്റിലും ഖത്തറിലുമാണ് താൻ സന്ദർശനം നടത്തിയതെന്ന് ജനീഷ് വിശദീകരിച്ചു. അവിടങ്ങളിലെ ഇന്ത്യൻ അംബാസഡർമാരെ കണ്ട് പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ, പ്രത്യേകിച്ച് ജയിലിൽ കഴിയുന്നവരുടെ മോചനം സംബന്ധിച്ച വിഷയങ്ങൾ, ശ്രദ്ധയിൽപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.