
കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഗൺമാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ മൊഴി തിരുത്തി നൽകിയതായി റിപ്പോർട്ട്. കെഎസ്യു പ്രവർത്തകർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്നു നേരത്തെ നൽകിയ മൊഴി അന്നത്തെ മന്ത്രിയായിരുന്ന വീണാ ജോർജിന്റെ നിർദേശപ്രകാരമായിരുന്നുവെന്നാണ് അഭിലാഷ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതെന്നാണ് വിവരം.

സമരക്കാർ വീണാ ജോർജിനെ ആക്രമിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടില്ലെന്നും മന്ത്രിയുടെ നിർദേശപ്രകാരമാണ് റെയിൽവേ പൊലീസിന് അന്ന് മൊഴി നൽകിയതെന്നും ഗൺമാൻ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. കേസിന്റെ തുടർനടപടികളിൽ നിർണായകമായേക്കാവുന്നതാണ് ഈ വെളിപ്പെടുത്തൽ.

ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് വീണാ ജോർജിനെതിരെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. സംഭവത്തിൽ ഗൺമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. കേസിൽ അഞ്ച് കെഎസ്യു നേതാക്കൾ രണ്ടാഴ്ചയോളം റിമാൻഡിൽ കഴിയുകയും ചെയ്തു.
തെറ്റായ മൊഴി നൽകിയെന്ന ആരോപണത്തിൽ ഗൺമാൻ അഭിലാഷിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) റിപ്പോർട്ട് നൽകുമെന്നാണ് വിവരം.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താൻ നിർദേശം നൽകിയത് ആരാണെന്നും കേസിൽ വ്യാജ തെളിവുകൾ സൃഷ്ടിച്ചിട്ടുണ്ടോയെന്നും എസ്ഐടി വിശദമായി പരിശോധിച്ചുവരികയാണ്.
ഗൺമാന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ തുടർനടപടികൾ എന്തായിരിക്കുമെന്നതും അന്വേഷണത്തിൽ ആരുടെയെങ്കിലും ഭാഗത്തുനിന്ന് നിയമവിരുദ്ധ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്നതും നിർണായകമാകും.