
കാസർകോട്: കാറും സ്കൂട്ടറും തമ്മിൽ ഉണ്ടായ അപകടത്തിൽ ഹോട്ടൽ ഉടമ ദാരുണമായി മരിച്ചു. കാഞ്ഞങ്ങാട് ചേറ്റുകുണ്ടിൽ സംഭവിച്ച അപകടത്തിൽ ചിത്താരി കടപ്പുറത്തെ കെ.വി. ബാലകൃഷ്ണൻ (58) ആണ് മരിച്ചത്.

കുടുംബത്തോടൊപ്പം ചേറ്റുകുണ്ടിൽ ‘ശ്രീമുത്തപ്പൻ വനിതാ ഹോട്ടൽ’ നടത്തിവരികയായിരുന്നു ബാലകൃഷ്ണൻ. ഹോട്ടലിൽ നിന്ന് പാർസൽ വിതരണം ചെയ്യുന്നതിനായി സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് ഉദുമ ഭാഗത്തേക്ക് ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന കാറും സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. പിന്നിൽ നിന്ന് അമിതവേഗത്തിൽ എത്തിയ കാർ സ്കൂട്ടറിലിടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
പരേതനായ കെ.വി. അമ്പുവിന്റെയും വെള്ളച്ചിയുടെയും മകനാണ് ബാലകൃഷ്ണൻ. മുൻ അജാനൂർ പഞ്ചായത്ത് അംഗമായ സുമംഗലയാണ് ഭാര്യ. മകൻ: കെ.വി. അഭയ്. സഹോദരങ്ങൾ: ഉദയൻ, രജിത സുഭാഷ്, ജ്യോതിഷ്, പരേതനായ ഹരീഷ്.
അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.