
കായംകുളം: തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ നടത്തിയ സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പരാമർശങ്ങളെ തുടർന്ന് മുസ്ലിം ലീഗ് നേതാവ് എ ഇർഷാദിനെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിച്ചു.

കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെ, യു. പ്രതിഭയുടെ “ശരീര അഴകും വാക്ചാതുര്യവും” വോട്ടിനായി ഉപയോഗിക്കുന്നുവെന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഇർഷാദ് നടത്തിയത്. ഇത് സ്ത്രീവിരുദ്ധവും അശ്ലീലവുമായ പ്രസ്താവനകളായി വ്യാപക വിമർശനത്തിന് ഇടയായി. കൂടാതെ, എംഎൽഎയുടെ മകൻ ഉൾപ്പെട്ടതായി പറയുന്ന കഞ്ചാവ് കേസിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുവെന്നാരോപണവും അദ്ദേഹം ഉന്നയിച്ചു.
കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്ത പൊതുവേദിയിലും യുഡിഎഫ് സ്ഥാനാർത്ഥിയായ എം ലിജുവിന്റെ സാന്നിധ്യത്തിലുമായിരുന്നു വിവാദ പ്രസംഗം നടന്നത്.
സംഭവത്തെ തുടർന്ന് മുസ്ലിം ലീഗ് നേതൃത്വം ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. കൂടാതെ, യുഡിഎഫ് കായംകുളം നിയോജകമണ്ഡലം ചെയർമാൻ സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കം ചെയ്യുകയും.
വിവാദ പരാമർശങ്ങൾ വ്യക്തിപരമായി വേദനിപ്പിച്ചുവെന്ന് യു. പ്രതിഭ പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
അതേസമയം, പരാമർശങ്ങളെ തള്ളിക്കളഞ്ഞ എം. ലിജു, ഇത് തെറ്റായ നടപടിയാണെന്നും യുഡിഎഫ് ഇത്തരം നിലപാടുകളെ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി ഖേദം പ്രകടിപ്പിച്ചു.
സംഭവത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ഒരു ജനപ്രതിനിധിക്കെതിരെ ഇത്തരം അധിക്ഷേപങ്ങൾ നടത്തുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്ന് അഭിപ്രായപ്പെട്ടു.
വിവാദം ശക്തമായതിനെ തുടർന്ന്, തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ഇർഷാദ് പിന്നീട് വിശദീകരിച്ചു. എംഎൽഎയുടെ പ്രവർത്തനങ്ങളെ വിമർശിക്കുക മാത്രമാണ് ഉദ്ദേശിച്ചതെന്നും, എങ്കിലും ആരെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.