You are currently viewing ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പ്ലസ് ടു  വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മലപ്പുറം: പൊന്നാനിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ നടന്ന അപകടത്തില്‍ രണ്ട് പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

പൊന്നാനി എം.എ. ബോയ്സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ പൊന്നാനി പള്ളപ്രം മാലിക്കുളം അലിയുടെ മകന്‍ മുഹമ്മദ് അസ്ലം (19), പാലപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയും പൊന്നാനി തട്ടേക്കാനകത്ത് ഇബ്രാഹിമിന്റെ മകനുമായ അന്‍സിഫ് (19) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 10ഓടെയാണ് അപകടം സംഭവിച്ചത്. പൊന്നാനി ബര്‍ളി കുളത്തിന് സമീപമുള്ള ദേശീയപാതയിലെ സര്‍വീസ് റോഡില്‍ എതിരെ വന്ന രണ്ട് ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

അപകടത്തിന് പിന്നാലെ നാട്ടുകാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പൊന്നാനി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply