
കോയമ്പത്തൂർ: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം പാങ്ങ് ജി.എൽ.പി സ്കൂളിലെ ബസ് ഡ്രൈവർ നൗഷാദ് അലി (39) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു.

കഴിഞ്ഞ വെള്ളിയാഴ്ച (ഏപ്രിൽ 17) വൈകുന്നേരം 5:30ഓടെ മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽ.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും സഞ്ചരിച്ചിരുന്ന വാൻ വാൽപ്പാറ ചുരം റോഡിലെ 13-ാം ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തറച്ച നിലയിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന നൗഷാദ് അലി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല.
ഇതിനിടെ, നൗഷാദിന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ അനുമതി നൽകിയില്ലെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം കുടുംബം ആവശ്യപ്പെട്ടു.
അപകടത്തിൽ പരിക്കേറ്റ മുഹമ്മദ് ഫായിസ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. അതേസമയം, സഹദിൻ മുഹമ്മദ്, 10 വയസ്സുകാരി മസ്നിൻ എന്നിവരുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവം പ്രദേശത്ത് വലിയ ദുഃഖം പരത്തിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.