
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 2026 ഏപ്രിൽ 22-ന് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക ഓൺലൈൻ മന്ത്രിസഭായോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്.

ധനസഹായത്തിന്റെ ഭാഗമായി ഓരോ കുടുംബത്തിനും ആകെ 14 ലക്ഷം രൂപ ലഭിക്കും. ഇതിൽ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ്, ശേഷിക്കുന്ന 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുമാണ് അനുവദിക്കുക.
സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് അടിയന്തര സഹായമായി 2 ലക്ഷം രൂപ വീതം നൽകാനും സർക്കാർ തീരുമാനിച്ചു. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കും. പ്രാഥമികമായി ആറുമാസത്തേക്കുള്ള ചികിത്സാ ചെലവാണ് സർക്കാർ വഹിക്കുക.
മുണ്ടത്തിക്കോട് ദുരന്തത്തെ ‘സവിശേഷ ദുരന്തമായി’ പ്രഖ്യാപിക്കാൻ മന്ത്രിസഭ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയായ ജസ്റ്റ് സി എൻ രാമചന്ദ്രൻ നായർ അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചു.
തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വെടിക്കെട്ടിനായി പടക്കങ്ങൾ നിർമ്മിക്കുന്നതിനിടെയാണ് ഏപ്രിൽ 21-ന് ഈ ദാരുണമായ അപകടം ഉണ്ടായത്. സംഭവത്തിൽ ഇതുവരെ 14 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, കേന്ദ്രസർക്കാരും മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.