
ഇടുക്കി: കുമളിക്ക് സമീപം മുല്ലയാറിലെ ജനവാസ മേഖലയിലെ ഒരു വീട്ടുമുറ്റത്ത് കരടികളിറങ്ങിയ സംഭവം നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചു. മുല്ലയാർ സ്വദേശി പത്മരാഗം വീട്ടിൽ ഇന്ദുലേഖ രതീഷിന്റെ വീട്ടുമുറ്റത്താണ് രണ്ടു കരടികൾ എത്തിയത്.

ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ കരടികളുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിൽ വീട്ടുമുറ്റത്ത് എത്തിയ കരടികൾ കുറച്ച് നേരം പരിസരം പരിശോധിച്ച ശേഷം തിരികെ പോകുന്നതാണ് കാണുന്നത്.
കരടികൾ പെരിയാർ കടുവ സങ്കേതത്തിൽ നിന്നാകാമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുന്നതിനായി ക്യാമറകൾ സ്ഥാപിക്കാൻ വനംവകുപ്പ് നടപടി തുടങ്ങി.