You are currently viewing മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ അവയവദാനം; ആറുപേർക്കു പുതുജീവൻ

മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ അവയവദാനം; ആറുപേർക്കു പുതുജീവൻ

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാൽ (33) അവയവദാനം ചെയ്യുന്നതിലൂടെ ആറുപേർക്കു പുതുജീവൻ ലഭിക്കുന്നു. സമൂഹത്തിന് മാതൃകയാകുന്ന ഈ മനുഷ്യസ്‌നേഹ പ്രവർത്തനം വേദനയ്ക്കിടയിലും അദ്ദേഹത്തിന്റെ കുടുംബം കൈകൊണ്ട തീരുമാനത്തിലൂടെയാണ് സാധ്യമായത്.

ഏപ്രിൽ 1-ന് രാത്രി സാധനങ്ങൾ വാങ്ങാൻ സൈക്കിളിൽ പോകുന്നതിനിടെ വാഹനമിടിച്ച് ഒരുവാതിൽക്കോട്ടയിൽ വെച്ചാണ് വെൽഡിംഗ് തൊഴിലാളിയായ കൃഷ്ണലാലിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഏപ്രിൽ 4-ന് ശനിയാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.

കൃഷ്ണലാലിന്റെ ഹൃദയം, രണ്ട് വൃക്കകൾ, കരൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്യുന്നത്. ഹൃദയം എയർ ആംബുലൻസ് വഴി കോട്ടയം മെഡിക്കൽ കോളേജിലെ രോഗിക്കായി എത്തിച്ചു. കുമരകം സ്വദേശിയായ അരുണാണ് ഹൃദയം സ്വീകരിക്കുന്നത്.

ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും, മറ്റൊരു വൃക്കയും കരളും കിംസ് ആശുപത്രിയിലേക്കും, നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കുമാണ് കൈമാറുന്നത്.

തീരാവേദനയ്ക്കിടയിലും അവയവദാനത്തിന് സന്നദ്ധത അറിയിച്ച കൃഷ്ണലാലിന്റെ കുടുംബത്തിന്റെ തീരുമാനം സമൂഹത്തിന് വലിയൊരു പ്രചോദനമായി മാറുകയാണ്.

Leave a Reply