
മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ വനിതാ ഗൈനക്കോളജിസ്റ്റിനെ വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റു ചെയ്തു. ആനമങ്ങാട് വളാംകുളം സ്വദേശി വെങ്ങാടൻ ആസ്യ (36), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് സ്വദേശി കാഞ്ഞിരംകുന്ന് അമ്പുക്കാട്ടിൽ കദീജ (35), കച്ചേരിപ്പറമ്പ് കാട്ടുകണ്ടൻ ഷഹർബാൻ (33), കോട്ടോപ്പാടം കൊടക്കാട് ചക്കലക്കുന്നൻ ജുമൈല (36) എന്നിവരാണ് പിടിയിലായത്. സി.ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

പെരിന്തൽമണ്ണ പഞ്ചമ സ്കൂൾ റോഡിലുള്ള ഡോ. എ.ടി. സിനിയെ (48) കഴിഞ്ഞ 2-ാം തീയതി വൈകിട്ടാണ് പ്രതികൾ വീട്ടിൽ കയറി മർദിച്ചത്. വീട്ടിൽ രോഗികളെ പരിശോധിക്കുന്ന മുറിയിൽ വച്ചായിരുന്നു ആക്രമണം. ഡോക്ടർക്കൊപ്പം ഉണ്ടായിരുന്ന സഹായികളായ അശ്വതി (25), അജിത (37) എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു.
സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ, അടുത്തിടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഒരു ഗർഭിണിയെ അമിത രക്തസ്രാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നവജാത ശിശു രക്ഷപ്പെട്ടെങ്കിലും മാതാവ് മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അറസ്റ്റിലായവർ മരിച്ച സ്ത്രീയുടെ ബന്ധുക്കളാണെന്നും പൊലീസ് അറിയിച്ചു.