
മലപ്പുറം: ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേയിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി വീട്ടമ്മ മരിച്ചു. വെളിയങ്കോട് സ്വദേശിനിയും പ്രമുഖ സി.പി.എം നേതാവ് ടി.എം സിദ്ധീഖിന്റെ സഹോദരിയുമായ ബഷീറ (42) ആണ് മരിച്ചത്. പരേതനായ തണ്ണിതുറക്കൽ മൊയ്തീൻകുട്ടിയുടെ മകളായ ബഷീറ, താനൂർ സ്വദേശി അബ്ദുൽ ജലീലിന്റെ ഭാര്യയാണ്.

അപകടത്തിൽ ബഷീറയുടെ ഭർത്താവ് അബ്ദുൽ ജലീലിന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.
കുടുംബത്തോടൊപ്പം കേരളത്തിൽ നിന്ന് സ്വന്തം കാറിൽ കശ്മീരിലേക്ക് വിനോദയാത്ര പോകുന്നതിനിടെയായിരുന്നു അപകടം. ഹരിയാനയിലെ നുഹ് ജില്ലയിൽപ്പെട്ട ഫിറോസ്പൂർ പ്രദേശത്ത് വെച്ച് ഇവർ സഞ്ചരിച്ച കാർ മുന്നിൽ പോയിരുന്ന ലോറിയുടെ പിൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.
എക്‌സ്‌പ്രസ്‌വേയിലൂടെയുള്ള ദീർഘദൂര യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തകർന്ന നിലയിലായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ ബഷീറ മരിച്ചു.
ഹരിയാന പോലീസും ഹൈവേ അതോറിറ്റിയും സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.