You are currently viewing അമ്പലപ്പുഴയിൽ വോട്ടർ ഭീഷണി ആരോപണം: കേന്ദ്രസേന വിന്യാസം ആവശ്യപ്പെട്ട് ജി. സുധാകരൻ ഹൈക്കോടതിയിൽ

അമ്പലപ്പുഴയിൽ വോട്ടർ ഭീഷണി ആരോപണം: കേന്ദ്രസേന വിന്യാസം ആവശ്യപ്പെട്ട് ജി. സുധാകരൻ ഹൈക്കോടതിയിൽ

ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടെന്നാരോപിച്ച് മുൻ മന്ത്രി ജി. സുധാകരൻ ഹൈക്കോടതിയെ സമീപിച്ചു. മണ്ഡലത്തിലെ എല്ലാ 195 പോളിംഗ് ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും, തനിക്കും വോട്ടർമാർക്കും സുരക്ഷിതമായി പോളിംഗ് സ്റ്റേഷനുകളിലെത്താനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.

ഇത്തവണ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തനിക്കെതിരെ വ്യാപകമായ ഭീഷണികൾ നിലനിൽക്കുന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതോടൊപ്പം തനിക്കും ഡ്രൈവർക്കും നേരെ വധഭീഷണിയും ഉണ്ടായതായി സുധാകരൻ ആരോപിക്കുന്നു.

സിപിഎം ഏരിയാ കമ്മിറ്റിയംഗം പ്രശാന്ത് എസ് കുട്ടി, ലോക്കൽ കമ്മിറ്റിയംഗം അരുൺ ലാൽ, എസ്ഡിപിഐ ജില്ലാ സെക്രട്ടറി റിയാസ് കെ പൊന്നാടത്ത് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.

ഹരജി പരിഗണിക്കുന്ന തീയതി സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളിൽ നിർണായകമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply