You are currently viewing ചിക്കമംഗളൂരുവിൽ കാണാതായ മലയാളി  വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ചിക്കമംഗളൂരുവിൽ കാണാതായ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയെ മരിച്ച നിലയിൽ കണ്ടെത്തി. ബാബാബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപമുള്ള ചെങ്കുത്തായ പ്രദേശത്ത് നിന്ന് ഏകദേശം 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ രമേശ്–രോഹിണി ദമ്പതികളുടെ മകളാണ് ശ്രീനന്ദ. എസ്എസ്എൽസി പരീക്ഷ എഴുതിയ ശേഷം ഫലം കാത്തിരിക്കുകയായിരുന്ന വിദ്യാർത്ഥിനിയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവിലെത്തിയ സംഘം മാണിക്യധാര വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെ, വൈകിട്ട് 5.20 വരെ മാതാപിതാക്കൾക്കൊപ്പമുണ്ടായിരുന്ന ശ്രീനന്ദയെ കാണാതാകുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികൾ ഏകദേശം 100 മീറ്റർ അകലെ ഐസ്ക്രീം വാങ്ങാൻ പോയി മടങ്ങിയെത്തുമ്പോഴാണ് ശ്രീനന്ദയെ കാണാനില്ലെന്ന് മനസിലായത്.

ആദ്യഘട്ടത്തിൽ വെള്ളച്ചാട്ടത്തിൽപ്പെട്ടിരിക്കാമെന്ന സാധ്യത പോലീസ് തള്ളിയിരുന്നുവെങ്കിലും, പിന്നീട് തട്ടിക്കൊണ്ടുപോയിരിക്കാമെന്ന സംശയത്തെ അടിസ്ഥാനപ്പെടുത്തി അന്വേഷണം വ്യാപിപ്പിച്ചു. ഇതോടൊപ്പം കാണാതായ പ്രദേശത്ത് വ്യാപക തിരച്ചിലും ശക്തമാക്കി.

കർണാടക പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവരടങ്ങുന്ന 100 അംഗ പ്രത്യേക സംഘത്തിനൊപ്പം കേരള പോലീസും തിരച്ചിലിൽ പങ്കെടുത്തു. തുടർച്ചയായ തെരച്ചിലിനൊടുവിൽ ദുരന്തവാർത്ത പുറത്തുവന്നത് കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി പോലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply