
നാദാപുരം: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് പുളിയാവ് പുഴയിൽ ദമ്പതികളടക്കം മൂന്ന് പേർ ദാരുണമായി മുങ്ങിമരിച്ചു. പുളിയാവ് അരീക്കുണ്ടിൽ സ്വദേശികളായ അൻസാർ, ഭാര്യ സുഹദ, സുഹദയുടെ സഹോദരപുത്രി ഇസ മറിയം എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം നടന്നത്. പുഴയിൽ തുണി അലക്കാനായി എത്തിയ ഇവർ പിന്നീട് കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടം സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ ഇസ മറിയം കയത്തിൽ അകപ്പെട്ടതോടെ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച അൻസാറും സുഹദയും വെള്ളത്തിൽ മുങ്ങിപ്പോയതായാണ് പ്രാഥമിക നിഗമനം.
സംഭവം അറിഞ്ഞുടൻ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂവരുടെയും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹങ്ങൾ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തുടർ നടപടികൾക്കായി മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.