You are currently viewing അഴിയൂർ-വെങ്ങളം ദേശീയപാതയിൽ അഞ്ചിടത്ത് പുതിയ അണ്ടർപാസുകൾക്ക് അനുമതി

അഴിയൂർ-വെങ്ങളം ദേശീയപാതയിൽ അഞ്ചിടത്ത് പുതിയ അണ്ടർപാസുകൾക്ക് അനുമതി

വടകര: അഴിയൂർ-വെങ്ങളം ദേശീയപാതയിൽ പഴങ്കാവ്-ചോളംവയൽ ജംക്ഷൻ ഉൾപ്പെടെ അഞ്ചിടങ്ങളിൽ പുതിയ അണ്ടർപാസുകൾ നിർമ്മിക്കാൻ അനുമതി ലഭിച്ചു. പഴങ്കാവ്-ചോളംവയൽ ജംക്ഷൻ, കുഞ്ഞിപ്പള്ളി, കേളുബസാർ, നന്തി, അയനിക്കാട് എന്നിവിടങ്ങളിലാണ് പുതിയ അണ്ടർപാസുകൾ അനുവദിച്ചിരിക്കുന്നത്.

പഴങ്കാവ്-ചോളംവയൽ ജംക്ഷനിൽ വാഹനങ്ങൾക്കായി ഓവർപാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ശക്തമായ സമരം നടന്നിരുന്നു. എന്നാൽ നിലവിലെ ജംക്ഷനിൽ നിന്ന് മാറിയുള്ള സ്ഥലത്താണ് അണ്ടർപാസ് നിർമ്മിക്കാൻ തീരുമാനമായിരിക്കുന്നത്.

വടകര മേഖലയിലെ പ്രധാന കേന്ദ്രങ്ങളായ കുഞ്ഞിപ്പള്ളി, കേളുബസാർ എന്നിവിടങ്ങൾക്കൊപ്പം കൊയിലാണ്ടി താലൂക്കിലെ നന്തി, അയനിക്കാട് പ്രദേശങ്ങൾക്കും പുതിയ അണ്ടർപാസുകളുടെ പ്രയോജനം ലഭിക്കും. ഇതോടെ ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ജനങ്ങളുടെ യാത്രാസൗകര്യവും സുരക്ഷയും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

അഴിയൂർ-വെങ്ങളം ദേശീയപാതയിൽ കൂടുതൽ അണ്ടർപാസുകളും ഫുട് ഓവർബ്രിഡ്ജുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് എംപി ഷാഫി പറമ്പിൽ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരിയെയും ദേശീയപാത അതോറിറ്റി അധികൃതരെയും നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. തുടർന്ന് നടത്തിയ സംയുക്ത പരിശോധനകളുടെയും സമർപ്പിച്ച പ്രമേയങ്ങളുടെയും അടിസ്ഥാനത്തിലാണ് അഞ്ച് പുതിയ അണ്ടർപാസുകൾക്ക് അനുമതി ലഭിച്ചതെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി അനുവദിച്ച പുതിയ അണ്ടർപാസുകൾ പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും റോഡ് മുറിച്ചുകടക്കേണ്ടിവരുന്ന യാത്രക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനും സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply