
കൊല്ലം: കൊല്ലത്ത് അമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പതിനാലുകാരൻ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് ദാരുണമായി മരിച്ചു. അയത്തിൽ സ്വദേശിയായ സൽമാൻ ഫാരിസാണ് മരണപ്പെട്ടത്. പാൽകുളങ്ങരയ്ക്ക് സമീപം നടന്ന അപകടം പ്രദേശത്തെ നടുക്കി.

അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ പ്രദേശത്ത് നിലവിൽ ശക്തമായ ഗതാഗത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇരുഭാഗങ്ങളിലേക്കുമുള്ള വാഹനഗതാഗതം വീതി കുറഞ്ഞ വഴിതിരിച്ചുവിട്ട റോഡിലൂടെയാണ് നടക്കുന്നത്.
പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, മുന്നിൽ സഞ്ചരിച്ചിരുന്ന ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്കൂട്ടർ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിർദിശയിൽ വന്ന മറ്റൊരു ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചതോടെ നിയന്ത്രണം നഷ്ടമായി. തുടർന്ന് സൽമാൻ ഫാരിസ് റോഡിലേക്ക് തെറിച്ചുവീഴുകയും ടിപ്പർ ലോറിയുടെ അടിയിലേക്ക് പതിക്കുകയുമായിരുന്നു. ലോറി കയറിയിറങ്ങിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടതായി അധികൃതർ അറിയിച്ചു.