
കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചില ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദീർഘനാളായി സലിം കുമാർ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി പൂർണമായി വീണ്ടെടുക്കാത്ത സാഹചര്യത്തിൽ സിനിമാ പ്രവർത്തനങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അദ്ദേഹം വലിയ തോതിൽ വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
എന്നാൽ അടുത്തിടെ പറവൂരിൽ നടന്ന മുഖ്യമന്ത്രി വി.ഡി. സതീശന് നൽകിയ സ്വീകരണ പരിപാടിയിൽ സലിം കുമാർ പങ്കെടുത്തിരുന്നു. ചടങ്ങിൽ അദ്ദേഹം നടത്തിയ പ്രസംഗവും ശ്രദ്ധ നേടിയിരുന്നു.
നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് നടൻ. ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതർ ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് സ്ഥിതിഗതികൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേശീയ പുരസ്കാര ജേതാവായ സലിം കുമാർ ഹാസ്യവേഷങ്ങളിലൂടെയും സ്വഭാവനടനായും മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്. അദ്ദേഹത്തിന്റെ ആരോഗ്യവിവരം പുറത്തുവന്നതോടെ സിനിമാ ലോകത്തും ആരാധകർക്കിടയിലും ആശങ്ക ഉയർന്നിട്ടുണ്ട്.