
കോട്ടയം: കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥിനികൾക്ക് ലഭിക്കുന്ന സൗജന്യ യാത്രാ ആനുകൂല്യം വിദ്യാർഥികളായ ആൺകുട്ടികൾക്കും നൽകണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.

സ്ത്രീകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, സ്ത്രീകൾക്ക് ലഭിക്കുന്ന യാത്രാസൗജന്യത്തിന്റെ ഭാഗമായി വിദ്യാർഥിനികൾക്കും സൗജന്യ യാത്ര ലഭിക്കുമ്പോൾ, അതേ ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് ആ ആനുകൂല്യം നിഷേധിക്കപ്പെടുന്നത് വിവേചനപരമായ നടപടിയാണെന്ന് ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനാണ് ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലിംഗഭേദമില്ലാതെ എല്ലാ വിദ്യാർഥികൾക്കും ഒരുപോലെ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്ന കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമൂഹിക നീതിയുടെയും തുല്യാവകാശത്തിന്റെയും അടിസ്ഥാനത്തിൽ വിദ്യാർഥികൾക്കിടയിൽ വ്യത്യാസം വരുത്താതെ എല്ലാവർക്കും സമാന ആനുകൂല്യങ്ങൾ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.