
തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിന് വ്യക്തമായ നടപടിക്രമങ്ങളുണ്ടെന്നും അതനുസരിച്ചായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുന്നതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമേ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ചർച്ചകൾക്ക് പ്രസക്തിയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ ഉൾപാർട്ടി ജനാധിപത്യം നിലനിൽക്കുന്നുവെന്നും, നിലവിൽ മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കാൻ സമയമായിട്ടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. ആദ്യം തിരഞ്ഞെടുപ്പ് ഫലം വരട്ടെ, അതിനുശേഷം പാർട്ടിയുടെ ഔദ്യോഗിക നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎമാരുടെ അഭിപ്രായം ശേഖരിച്ച ശേഷമായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുക. ഈ പ്രക്രിയയിൽ എംഎൽഎമാരുടെ നിലപാട് നിർണ്ണായകമായിരിക്കും എന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.