
ലഖ്നൗ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ സമ്മർദത്തിന് വഴങ്ങി രാജിവയ്ക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. വെള്ളിയാഴ്ച ലഖ്നൗവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജ്ഞാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സഖ്യകക്ഷികളും നടത്തുന്ന പ്രതിഷേധങ്ങളെയും മന്ത്രി രൂക്ഷമായി വിമർശിച്ചു.

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട (എസ്ഐആർ) ആരോപണങ്ങളുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാനുള്ള നീക്കമാണെന്ന് രാജ്നാഥ് സിങ് ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനല്ല, മറിച്ച് രാഷ്ട്രീയ നേട്ടങ്ങൾക്കായാണ് പ്രതിപക്ഷം ഇത്തരം പ്രക്ഷോഭങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലേതിന് സമാനമായ ഭരണകൂടമാറ്റം ലക്ഷ്യമിട്ടാണ് കോൺഗ്രസും സഖ്യകക്ഷികളും പ്രവർത്തിക്കുന്നതെന്നും യുവജന സംഘടനകളെ ഉപയോഗിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. എന്നാൽ, ഇവ രാജ്നാഥ് സിങ് ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങളാണ്.
തിരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാൻ ജനാധിപത്യം ആരെയും അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും വിമർശിച്ച രാജ്നാഥ് സിങ്, രാഷ്ട്രീയ നേട്ടങ്ങൾക്കായി ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നതിനു പകരം നിയമവാഴ്ചയെ മാനിക്കണമെന്നും ആവശ്യപ്പെട്ടു.
ജ്ഞാനേഷ് കുമാറിന് കേന്ദ്രസർക്കാർ പൂർണ പിന്തുണ നൽകുന്നുവെന്നും എസ്ഐആറുമായി ബന്ധപ്പെട്ട ആരോപണങ്ങളെ രാഷ്ട്രീയ ആയുധമാക്കാനുള്ള പ്രതിപക്ഷ നീക്കങ്ങളെ സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.