You are currently viewing മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഹൈക്കോടതിയിൽ തിരിച്ചടി. വിജിലൻസ് അന്വേഷണം നടത്താൻ സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി പിണറായി വിജയനും കുടുംബവും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

ജസ്റ്റിസുമാരായ കെ. നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഇതോടെ കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകളുമായി മുന്നോട്ടുപോകാൻ അന്വേഷണസംഘത്തിന് വഴിയൊരുങ്ങി.

അഴിമതിക്കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആരോപണവിധേയരുടെ വാദം കേൾക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയ രേഖകളിൽ വ്യക്തമായ തെളിവുകളുള്ളതിനാൽ പ്രാഥമിക അന്വേഷണം നടത്താതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിംഗിൾ ബെഞ്ചിനെ സമീപിക്കുന്നതിന് ഈ ഉത്തരവ് തടസ്സമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. മകൾ ടി. വീണ രണ്ടാം പ്രതിയാണ്. അഴിമതിപ്പണം വിദേശത്തേക്ക് കടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസും ടി. വീണയും പ്രതികളാണ്. അഴിമതി നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജിലൻസ് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ഹൈക്കോടതി വിധിക്കു പിന്നാലെ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. അതേസമയം, അറസ്റ്റ് നടപടികളിൽനിന്ന് സംരക്ഷണം തേടിയുള്ള പിണറായി വിജയന്റെ ഹർജി അടിയന്തരമായി പരിഗണിക്കുന്നതിനായി സുപ്രീംകോടതിയിൽ അവധിക്കാല ബെഞ്ച് രൂപീകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply