
തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് യുഡിഎഫ് സർക്കാർ കുടപിടിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും അതിനെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അതേപടി പകർത്തിയെഴുതിയ രാഷ്ട്രീയരേഖ മാത്രമാണ് നിയമസഭയിൽ വെച്ച റിപ്പോർട്ടെന്ന് പിണറായി വിജയൻ തന്റെ സാമൂഹിക മാധ്യമ കുറിപ്പിൽ പറഞ്ഞു.

എൽഡിഎഫ് സർക്കാർ കിഫ്ബിയിലൂടെ ഒരു ലക്ഷം കോടി രൂപയോളം വരുന്ന പദ്ധതികൾക്ക് അനുമതി നൽകിയതായും സ്കൂളുകൾ, ആശുപത്രികൾ, പാലങ്ങൾ എന്നിവ ഉൾപ്പെടെ 40,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി. ബജറ്റിന് പുറത്തുള്ള വിഭവസമാഹരണത്തിലൂടെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേഗം കൂട്ടാനും ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ മേഖലകളിൽ കൂടുതൽ തുക വകയിരുത്താനും സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴി, ഗിഫ്റ്റ് സിറ്റി എന്നിവയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ, കൊച്ചി വാട്ടർ മെട്രോ, ട്രാൻസ്ഗ്രിഡ്, കെ-ഫോൺ, ലൈഫ് സയൻസ് പാർക്ക്, കൊച്ചി പെട്രോകെമിക്കൽ പാർക്ക് തുടങ്ങിയ പദ്ധതികളിൽ കിഫ്ബിയുടെ പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൂരൽമല–മുണ്ടക്കൈ പുനരധിവാസത്തിനും ദേശീയപാതാ വികസനത്തിനായി കേരളം നൽകിയ 6,000 കോടി രൂപയുടെ വിഹിതത്തിനും കിഫ്ബി സഹായിച്ചിട്ടുണ്ടെന്നും പറഞ്ഞു.
കിഫ്ബി വായ്പകൾ സംസ്ഥാനത്തിന്റെ പൊതുകടപരിധിയിൽ ഉൾപ്പെടുമോ എന്ന വിഷയം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലിരിക്കെ, സംസ്ഥാന താൽപര്യം ബലികഴിച്ച് കേന്ദ്രത്തിന് മുന്നിൽ കീഴടങ്ങുകയാണ് യുഡിഎഫ് സർക്കാരെന്നും പിണറായി വിജയൻ ആരോപിച്ചു.
കിഫ്ബി അവസാനിപ്പിക്കുന്നത് സാമൂഹിക ക്ഷേമത്തിനും പൊതുസേവനങ്ങൾക്കും തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കിഫ്ബിക്ക് പകരം മൂലധന നിക്ഷേപത്തിനായി എന്ത് ബദൽ സംവിധാനമാണ് യുഡിഎഫ് സർക്കാരിനുള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിഫ്ബിയെ ഇല്ലാതാക്കാനുള്ള നീക്കത്തെ കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്നും പിണറായി വിജയൻ കുറിച്ചു.