
ന്യൂഡൽഹി: തിരംഗ യാത്രയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെയെ ഡൽഹി പൊലീസ് കരുതൽ തടങ്കലിലാക്കിയതായി റിപ്പോർട്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്) 163-ാം വകുപ്പ് പ്രകാരമാണ് നടപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലേക്ക് മാർച്ച് നടത്തുന്നതിനായി പോകുമ്പോഴായിരുന്നു നടപടി. പ്രദേശത്ത് നിരോധന ഉത്തരവുകൾ നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ദിപ്കെയെ തടഞ്ഞത്.

നേരത്തെയും കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് പൊതുസമാധാനം ലംഘിക്കില്ലെന്ന് ഒരു വർഷത്തേക്ക് ദിപ്കെ ഉറപ്പുനൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. പൊലീസുമായുള്ള തർക്കത്തിനിടെ, “ഞാൻ ഒറ്റയ്ക്കാണ്. ഏത് നിയമമാണ് ഞാൻ ലംഘിച്ചത്?” എന്ന് അദ്ദേഹം ചോദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ ഡൽഹിയിൽ പൊതുയോഗങ്ങൾക്കും ഒത്തുചേരലുകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ പാർക്കിൽ ജനക്കൂട്ടം ഒത്തുചേരുന്നത് തടയാനും ക്രമസമാധാനം ഉറപ്പാക്കാനും പൊലീസ് നോട്ടീസുകളും നൽകിയിട്ടുണ്ട്.