
ന്യൂഡൽഹി: ആഭ്യന്തരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെൻറർ (i4C) “ആൻഡ്രോയിഡ് ഗോഡ് മോഡ്” എന്ന പേരിലുള്ള അപകടകാരിയായ മാൽവെയറിനെ കുറിച്ച് പുതിയ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രാജ്യത്ത് വേഗത്തിൽ വ്യാപിക്കുന്ന ഗുരുതര സൈബർ ഭീഷണിയായി ഇത് മാറുന്നതായി അധികൃതർ അറിയിച്ചു.

ബാങ്കിംഗ് അല്ലെങ്കിൽ കസ്റ്റമർ സപ്പോർട്ട് ആപ്പുകളായി ഭാവിച്ച് ഈ മാൽവെയർ പ്രവർത്തിക്കുന്നു. ഫിഷിംഗ് ലിങ്കുകൾ, എസ്എംഎസ്, അല്ലെങ്കിൽ മെസ്സേജിംഗ് പ്ലാറ്റ്ഫോമുകൾ വഴി അയക്കുന്ന എപികെ ഫയലുകളിലൂടെ ഉപയോക്താക്കളെ വഞ്ചിച്ച് ഇൻസ്റ്റാൾ ചെയ്യുന്നതാണ് ഇതിന്റെ പ്രധാന രീതി.
ഒരു പ്രാവശ്യം ഇൻസ്റ്റാൾ ചെയ്താൽ, ആൻഡ്രോയിഡിലെ ആക്സസബിലിറ്റി പെർമിഷൻസ് ദുരുപയോഗം ചെയ്ത് ഉപയോക്താവിന്റെ അറിവില്ലാതെ മൊബൈൽ ഫോണിൻറെ പൂർണ്ണ നിയന്ത്രണം നേടാൻ ഈ മാൽവെയറിന് കഴിയും. ഇതിലൂടെ ഓടിപികൾ, എസ്.എം.എസ് സന്ദേശങ്ങൾ, കോൾ ലോഗുകൾ, കോൺടാക്ടുകൾ എന്നിവ ഉൾപ്പെടെ അതീവ രഹസ്യമായ വിവരങ്ങൾ കൈവശപ്പെടുത്താം. കൂടാതെ സാമ്പത്തിക ഇടപാടുകൾ നടത്തുകയും, തട്ടിപ്പുകൾ നടത്തുകയും, ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുന്നത് തടയുകയും ചെയ്യാൻ കഴിയുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അധികൃതർ ഉപയോക്താക്കളോട് ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു.ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള വിശ്വാസ്യതയുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രമേ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവൂ. പരിചയമില്ലാത്ത ഉറവിടങ്ങളിൽ നിന്ന് എ പി കെ ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണം. കൂടാതെ, ആപ്പുകൾ ആവശ്യപ്പെടുന്ന പെർമിഷൻ—പ്രത്യേകിച്ച് ആക്സിസ്ബിലിറ്റി ആക്സസ്—നൽകുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം പരിശോധിക്കണം.
സംശയാസ്പദമായ ആപ്പുകൾ കണ്ടെത്തിയാൽ ഉടൻ തന്നെ നീക്കം ചെയ്യുകയും സൈബർ ക്രൈം അധികാരികളെ അറിയിക്കുകയും ചെയ്യണമെന്ന് i4C വ്യക്തമാക്കി.
“ആൻഡ്രോയിഡ് ഗോഡ് മോഡ്” മാൽവെയർ നീക്കം ചെയ്യാൻ, മൂന്നാം കക്ഷി ആപ്പുകൾ പ്രവർത്തനരഹിതമാക്കാൻ ആദ്യം ഫോൺ സേഫ് മോഡിൽ റീസ്റ്റാർട്ട് ചെയ്യുക. തുടർന്ന് സെറ്റിംഗ്സിലേക്ക് പോയി സംശയാസ്പദമായതോ അജ്ഞാതമായതോ ആയ ആപ്ലിക്കേഷനുകൾ അൺഇൻസ്റ്റാൾ ചെയ്യുക. അതിനുശേഷം, ഏതെങ്കിലും അനധികൃത ആക്സസിബിലിറ്റി, ഉപകരണ അഡ്മിൻ അനുമതികൾ പരിശോധിച്ച് പിൻവലിക്കുക. അടുത്തതായി, ഏതെങ്കിലും ദോഷകരമായ കോൾ ഫോർവേഡിംഗ് ക്രമീകരണങ്ങൾ പ്രവർത്തനരഹിതമാക്കാൻ ##002# ഡയൽ ചെയ്യുക. ഒടുവിൽ, ഫോൺ സാധാരണ രീതിയിൽ പുനരാരംഭിച്ച് ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ വീണ്ടും അവലോകനം ചെയ്യുക – മാൽവെയർ നിലനിൽക്കുകയാണെങ്കിൽ, ഉപകരണം പൂർണ്ണമായും വൃത്തിയാക്കാൻ ഒരു ഫാക്ടറി റീസെറ്റ് നടത്തുക.
ഡിജിറ്റൽ ഭീഷണികളെ നേരിടാൻ ജാഗ്രതയും ബോധവൽക്കരണവും നിർണായകമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.