
കണ്ണൂർ: കനത്ത വേനൽചൂട് തുടരുന്നതിനിടെ സൂര്യാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം.വി (37) ആണ് മരിച്ചത്.

പള്ളിപ്പൊയിലിൽ കിണർ കുഴിക്കുന്ന ജോലിക്കിടെയാണ് സനലിന് സൂര്യാഘാതമേറ്റത്. ജോലിക്കിടെ ഇന്നലെ തന്നെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. സൂര്യാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ശക്തമായ ചൂട് തുടരുന്ന സാഹചര്യത്തിൽ പുറത്തു ജോലി ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്