
ജില്ലയിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ഏപ്രിൽ 24ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ എൻ. ദേവിദാസ് ജനങ്ങളോട് അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്നും, ഈർപ്പം കൂടുന്നതോടെ അത്യുഷ്ണം കൂടുതൽ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും ജീവഹാനിക്കും വരെ കാരണമാകാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

സുരക്ഷാ മുൻകരുതലുകൾ കര്‍ശനമായി പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പകൽ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. ഹൃദ്രോഗം, പ്രമേഹം, ചർമ്മരോഗങ്ങൾ, കാൻസർ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ, പ്രായമായവർ, ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധ പുലർത്തണം.
വീടുകളിലും തൊഴിലിടങ്ങളിലും വായുസഞ്ചാരം ഉറപ്പാക്കുകയും ധാരാളം ശുദ്ധജലം കുടിക്കുകയും വേണം. പകൽ സമയത്ത് പുറംപണികൾ ഒഴിവാക്കണമെന്നും, നിർബന്ധമായാൽ കുട ഉപയോഗിക്കുക, പാദരക്ഷ ധരിക്കുക, സൺഗ്ലാസ് ഉപയോഗിക്കുക എന്നിവ നിർദേശിച്ചിട്ടുണ്ട്. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും ഉചിതമാണ്.
തളർച്ച, അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം. കൂടാതെ കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും മതിയായ വെള്ളവും തണലും ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു. പകൽ 11 മുതൽ 3 വരെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ, തൊഴിൽമേളകൾ എന്നിവ ഉൾപ്പെടെയുള്ള പുറംപരിപാടികൾ കർശനമായി ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ഉഷ്ണതരംഗ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെ കാണുകയും സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്നും ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.