
കണ്ണൂര്‍: ജില്ലയിലെ കേളകത്ത് ഹൃദയഭേദകമായ സംഭവത്തില്‍ ലഹരിക്കടിമയായ മകന്‍ സ്വന്തം അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പൊലീസ്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.കേളകം സ്വദേശിനിയായ ഗീതമ്മയെ വീട്ടിലെ കിടപ്പുമുറിയില്‍ വെച്ചാണ് മകന്‍ ക്രിസ്റ്റി ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ഗീതമ്മ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.സംഭവത്തിന് ശേഷം പ്രതിയായ ക്രിസ്റ്റി സമീപവാസിയോടൊപ്പം സ്‌കൂട്ടറില്‍ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രതി ലഹരിക്കടിമയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.ബെംഗളൂരുവില്‍ പഠനം നടത്തിവന്നിരുന്ന ക്രിസ്റ്റി അത് പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയതായും വിവരമുണ്ട്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.മരണപ്പെട്ട ഗീതമ്മ മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമായിരുന്നു. കേളകത്ത് ‘മൊണാലിസ’ എന്ന പേരില്‍ ബ്യൂട്ടിപാര്‍ലറും ഇവര്‍ നടത്തി വരികയായിരുന്നു.സംഭവം നാട്ടുകാരെ നടുക്കിയിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.