
കണ്ണൂർ: കണ്ണൂർ പോലീസ് സഹകരണ സംഘത്തിലേക്കുള്ള പ്യൂൺ, നൈറ്റ് വാച്ച്മാൻ തസ്തികകളിലേക്കുള്ള നിയമന പരീക്ഷയ്ക്കിടെ കെ.എസ്.യുവിന്റെ പ്രതിഷേധം. പിൻവാതിൽ നിയമനത്തിനുള്ള നീക്കമാണെന്ന് ആരോപിച്ച് കെ.എസ്.യു നേതാവ് ഹരികൃഷ്ണൻ പാളാടിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ പരീക്ഷാ ഹാളിലേക്ക് ഇരച്ചുകയറി പരീക്ഷ തടസ്സപ്പെടുത്തി.

പ്രവർത്തകർ പരീക്ഷാ ഹാളിലുണ്ടായിരുന്ന ചോദ്യപേപ്പറുകൾ കീറിയെറിഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർത്ഥികളും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. സംഭവത്തെ തുടർന്ന് പരീക്ഷ നടപടികൾ തടസപ്പെട്ടു.
അർഹരായ ഉദ്യോഗാർത്ഥികളെ ഒഴിവാക്കി പാർട്ടിയുമായി ബന്ധമുള്ളവരെ നിയമിക്കാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്ന് കെ.എസ്.യു ആരോപിച്ചു. അതേസമയം, പ്രതിഷേധം മൂലം പരീക്ഷാ കേന്ദ്രത്തിൽ ഏറെ നേരം ആശയക്കുഴപ്പം നിലനിന്നു.
പരീക്ഷാ ഹാളിനകത്ത് നടന്ന പ്രതിഷേധത്തിന്റെയും ചോദ്യപേപ്പർ കീറിയെറിയുന്ന ദൃശ്യങ്ങളുടെയും സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.