You are currently viewing പഴയങ്ങാടി റെയിൽവേ അടിപ്പാത നിർമാണം നവംബറിൽ തുടങ്ങും; 7 കോടി രൂപ അനുവദിച്ചു

പഴയങ്ങാടി റെയിൽവേ അടിപ്പാത നിർമാണം നവംബറിൽ തുടങ്ങും; 7 കോടി രൂപ അനുവദിച്ചു

കണ്ണൂർ: പഴയങ്ങാടി റെയിൽവേ അടിപ്പാതയുടെ നിർമാണ പ്രവൃത്തി നവംബറിൽ ആരംഭിക്കുമെന്ന് കല്യാശ്ശേരി എംഎൽഎ എം. വിജിൻ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങൾ വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ നടത്തുന്നുണ്ടെന്നും നിർമാണത്തിനാവശ്യമായ നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.

പഴയ അടിപ്പാതയ്ക്ക് സമാന്തരമായി പുതിയ അടിപ്പാത നിർമിക്കുന്നതിനായി കഴിഞ്ഞ എൽഡിഎഫ് സർക്കാർ 7 കോടി രൂപയാണ് അനുവദിച്ചത്. പഴയങ്ങാടിയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായ പദ്ധതി യാഥാർഥ്യമാക്കുന്നതിനായി അന്നത്തെ മുഖ്യമന്ത്രിക്കും ധനകാര്യ, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാർക്കും എംഎൽഎ എന്ന നിലയിൽ നിവേദനം നൽകിയിരുന്നു. റെയിൽവേ അധികൃതർക്കും ഇതുസംബന്ധിച്ച് കത്ത് നൽകിയിരുന്നു.

പദ്ധതിയുടെ ഭാഗമായി 2021 നവംബർ 17ന് എം. വിജിന്റെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേ ഡിവിഷനിലെ ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എസ്. ഷൺമുഖം, കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചതോടെയാണ് തുടർനടപടികൾക്ക് തുടക്കമായത്.

പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാമെന്ന് എംഎൽഎ അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് പദ്ധതി തയാറാക്കുന്നതിനായി റെയിൽവേയ്ക്ക് സർക്കാർ സെന്റേജ് തുക കൈമാറി. റെയിൽവേ എസ്റ്റിമേറ്റ് തയാറാക്കി സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ 2023–24 സാമ്പത്തിക വർഷത്തെ ബജറ്റിൽ അടിപ്പാത നിർമാണത്തിനായി 7 കോടി രൂപ അനുവദിച്ചു.

അടിപ്പാത നിർമാണത്തിനായി റെയിൽവേയ്ക്ക് 5.58 കോടി രൂപ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയായതോടെ റെയിൽവേയുടെ ഭാഗമായ നിർമാണ പ്രവൃത്തി പാലക്കാട്ടെ സി.എക്സ്. വർഗീസ് ഗ്രൂപ്പ് ഏറ്റെടുത്തു. റെയിൽവേയുടെ മേൽനോട്ടത്തിലായിരിക്കും നിർമാണം നടക്കുക.അടിപ്പാത നിർമാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികളും പൂർത്തിയായിട്ടുണ്ട്. നിലവിലുള്ള അടിപ്പാതയ്ക്ക് സമീപം ആറു മീറ്റർ വീതിയിലാണ് പുതിയ അടിപ്പാത നിർമിക്കുന്നത്.

മഴക്കാലത്ത് റെയിൽവേ ട്രാക്കിന് സമീപം നിർമാണം ആരംഭിക്കുന്നതിനുള്ള പ്രായോഗിക തടസ്സങ്ങളാണ് പ്രവൃത്തി വൈകാൻ കാരണമായതെന്ന് എംഎൽഎ വ്യക്തമാക്കി. നവംബറിൽ നിർമാണം ആരംഭിക്കാനാണ് നിലവിൽ അറിയിച്ചിട്ടുള്ളത്.

പുതിയ അടിപ്പാതയ്ക്കൊപ്പം അപ്രോച്ച് റോഡിന്റെ ഉപരിതല നവീകരണം, കോൺക്രീറ്റ് ഡ്രെയിനുകളുടെ നിർമാണം തുടങ്ങിയ അനുബന്ധ പ്രവൃത്തികളും നടപ്പാക്കും. ഈ പ്രവൃത്തികളുടെ ടെൻഡർ ഇരിക്കൂർ കൺസ്ട്രക്ഷനാണ് ഏറ്റെടുത്തിരിക്കുന്നത്. അടിപ്പാത നിർമാണത്തോടൊപ്പം അനുബന്ധ പ്രവൃത്തികളും ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പഴയങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി വിവിധ ഘട്ടങ്ങളിലായി ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും കഴിഞ്ഞ 50 വർഷമായി പ്രദേശവാസികൾ കാത്തിരിക്കുന്ന ആവശ്യമാണ് പുതിയ അടിപ്പാതയെന്നും എം. വിജിൻ പറഞ്ഞു.

നേരത്തെ അറിയിച്ചതുപോലെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കി പ്രദേശത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply