You are currently viewing പാറശാലയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു; അമൃത് ഭാരത് എക്സ്പ്രസ് സർവീസുകളിൽ ഭാഗിക റദ്ദാക്കൽ

പാറശാലയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു; അമൃത് ഭാരത് എക്സ്പ്രസ് സർവീസുകളിൽ ഭാഗിക റദ്ദാക്കൽ

തിരുവനന്തപുരം: പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ലോക്കോമോട്ടീവ് പാളം തെറ്റിയതിനെത്തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. പാളം തെറ്റിയ ലോക്കോമോട്ടീവ് വീണ്ടും പാളത്തിൽ കയറ്റുകയും ട്രാക്കിൽനിന്ന് നീക്കം ചെയ്യുകയും ചെയ്തതിനു പിന്നാലെ അറ്റകുറ്റപ്പണികളും ആവശ്യമായ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു.

മംഗളൂരുവിലേക്ക് പോകുന്ന പരശുറാം എക്സ്പ്രസ് പാറശാലയിൽനിന്ന് പുറപ്പെട്ട് അപകടം നടന്ന ഭാഗത്തുകൂടി സുരക്ഷിതമായി കടന്നുപോയി. ഇതോടെ ഈ പാതയിലെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചെത്തി.

അതേസമയം, ഇന്നത്തെ (ഒക്ടോബർ 22) സർവീസുകളുമായി ബന്ധപ്പെട്ട് രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

1\. ട്രെയിൻ നമ്പർ 16121 – താംബരം–തിരുവനന്തപുരം അമൃത് ഭാരത് എക്സ്പ്രസ്

ഒക്ടോബർ 21ന് വൈകിട്ട് 5.30ന് താംബരത്തുനിന്ന് പുറപ്പെട്ട ട്രെയിൻ നാഗർകോവിൽ ടൗണിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രൽ വരെയുള്ള സർവീസ് ഉണ്ടായിരിക്കില്ല.

2\. ട്രെയിൻ നമ്പർ 16122 – തിരുവനന്തപുരം–താംബരം അമൃത് ഭാരത് എക്സ്പ്രസ്

ഒക്ടോബർ 22ന് രാവിലെ 10.40ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നാഗർകോവിൽ ടൗണിൽനിന്ന് രാവിലെ 11.47ന് സർവീസ് ആരംഭിക്കും. തിരുവനന്തപുരം സെൻട്രൽ–നാഗർകോവിൽ ടൗൺ ഭാഗത്തെ സർവീസ് ഇന്ന് ഉണ്ടായിരിക്കില്ല.

യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുമ്പ് ട്രെയിനുകളുടെ പുതുക്കിയ സമയക്രമവും സർവീസ് വിവരങ്ങളും പരിശോധിക്കണമെന്ന് റെയിൽവേ അറിയിച്ചു.

Leave a Reply