
വൈപ്പിൻ: നിയോജകമണ്ഡലത്തിലെ ഗതാഗതപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി രണ്ട് പുതിയ കെ.എസ്.ആർ.ടി.സി ബസുകൾ വാങ്ങാൻ ഫണ്ട് അനുവദിക്കുമെന്ന് വൈപ്പിൻ എം.എൽ.എ ടോണി ചമ്മണി. ഇതിനു പുറമെ രണ്ട് റിഫർബിഷ്ഡ് ബസുകൾ കൂടി ലഭ്യമാക്കുന്നതിനായി ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.

വൈപ്പിനിലെ യാത്രാക്ലേശം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കെ.എസ്.ആർ.ടി.സിയുടെ എറണാകുളം, നോർത്ത് പറവൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി യൂണിറ്റുകളിലെ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർമാരുടെയും യോഗം എം.എൽ.എയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്തു.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ട് പുതിയ ബസുകൾ വാങ്ങുന്നതിനാവശ്യമായ തുക അനുവദിക്കാനാണ് തീരുമാനം. കൂടാതെ, രണ്ട് റിഫർബിഷ്ഡ് ബസുകൾ കൂടി ലഭ്യമാക്കുന്നതിന് ഗതാഗത വകുപ്പ് മന്ത്രിയെ സമീപിക്കും.
മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ യാത്രാപ്രശ്നങ്ങൾ വിലയിരുത്തി ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ബസ് സർവീസുകൾ ക്രമീകരിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു. ഇതിനായി ഓരോ പഞ്ചായത്തും ആവശ്യമായ റൂട്ടുകൾ സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചായത്തുകളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ബസ് റൂട്ടുകളും സർവീസുകളും ക്രമീകരിക്കുന്നതിലൂടെ വൈപ്പിനിലെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.