You are currently viewing പ്രാദേശിക സംഘർഷങ്ങൾക്കിടെ ഏകദേശം ആറു ദശാബ്ദങ്ങൾക്ക് ശേഷം യുഎഇ ഒപെക്കിൽ നിന്ന് പിന്മാറുന്നു

പ്രാദേശിക സംഘർഷങ്ങൾക്കിടെ ഏകദേശം ആറു ദശാബ്ദങ്ങൾക്ക് ശേഷം യുഎഇ ഒപെക്കിൽ നിന്ന് പിന്മാറുന്നു

അബുദാബി: ആഗോള ഊർജ വിപണിയിൽ വലിയ മാറ്റത്തിന് വഴിവെച്ച് യുണൈറ്റഡ് എമിറേറ്റ്സ് (യുഎഇ) ഓർഗനൈസേഷൻ ഓഫ് ദ പെട്രോളിങ് എക്സ്പോർട്ടിങ് കൺട്രീസ് (ഒപെക്ക്), ഒപെക്ക്+ സഖ്യവും വിട്ട് മേയ് 1 മുതൽ പിന്മാറുമെന്ന് പ്രഖ്യാപിച്ചു. ഏകദേശം 60 വർഷത്തെ അംഗത്വത്തിനാണ് ഇതോടെ വിരാമമാകുന്നത്. ഇതോടെ ഗ്രൂപ്പിന്റെ ഉൽപ്പാദന നിയന്ത്രണങ്ങളിൽ നിന്ന് സ്വതന്ത്രമായി എണ്ണ ഉൽപ്പാദനം വർധിപ്പിക്കാൻ യുഎഇക്ക് സാധിക്കും.

ഒപെക്കിനുള്ളിലെ മൂന്നാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യമായ യുഎഇ നിലവിൽ ദിവസേന ഏകദേശം 3.2 മില്യൺ ബാരൽ എണ്ണ ഉൽപ്പാദിപ്പിക്കുന്നു. രാജ്യത്തിന്റെ പരമാവധി ശേഷിയായ 5 മില്യൺ ബാരൽ വരെ ഉൽപ്പാദനം ഉയർത്താനുള്ള പദ്ധതികളാണ് അധികാരികൾ സൂചിപ്പിച്ചത്. ദേശീയ താൽപര്യങ്ങൾ, വിപണി ആവശ്യങ്ങൾ, കൂടാതെ പ്രാദേശിക രാഷ്ട്രീയ അസ്ഥിരത എന്നിവയാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.

ഇറാൻ-നെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളും അതിൽ അമേരിക്ക,ഇസ്രായേൽ എന്നിവയുടെ ഇടപെടലും പശ്ചാത്തലമായിരിക്കെയാണ് ഈ തീരുമാനം. ഹോർമുസ് കടലിടുക്ക് പോലുള്ള പ്രധാന കടൽമാർഗങ്ങളിൽ ഉണ്ടായ തടസ്സങ്ങൾ യുഎഇയുടെ എണ്ണ കയറ്റുമതി തന്ത്രത്തിൽ മാറ്റങ്ങൾക്ക് കാരണമായി. കടലിടുക്ക് ഒഴിവാക്കി ഗൾഫ് ഓഫ് ഒമാൻ വഴി എണ്ണ കൊണ്ടുപോകാൻ സഹായിക്കുന്ന ഹബ്ഷാൻ–ഫുജൈറ പൈപ്പ്‌ലൈൻ–ലാണ് രാജ്യം കൂടുതൽ ആശ്രയിക്കുന്നത്.

ആഗോള വിപണികൾ ഈ പ്രഖ്യാപനത്തെ മിശ്രപ്രതികരണത്തോടെ സ്വീകരിച്ചു. ബ്രെൻ്റ് ക്രൂഡ് വില ബാരലിന് ഏകദേശം 111 ഡോളർ നിരക്കിൽ സ്ഥിരത കൈവരിച്ചു. യുഎഇയുടെ ഉൽപ്പാദന വർധന ദീർഘകാലത്ത് വില കുറയാൻ സഹായിക്കാമെന്ന് ചില വിദഗ്ധർ വിലയിരുത്തുമ്പോഴും, നിലവിലെ സംഘർഷാവസ്ഥയിൽ തൽക്ഷണ ഫലം വ്യക്തമല്ലെന്നാണ് അഭിപ്രായം.
യുഎഇയുടെ പിന്മാറ്റം ഒപെക്കിന്റെ ഐക്യത്തെയും പ്രത്യേകിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തെയും ചോദ്യം ചെയ്യുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഇത് മറ്റ് അംഗരാജ്യങ്ങളെയും സമാന തീരുമാനങ്ങൾ പരിഗണിക്കാൻ പ്രേരിപ്പിക്കാമെന്ന ആശങ്കയും ഉയരുന്നു.

അതേസമയം, ഈ നീക്കം റൊണാൾഡ് ട്രംപിന് രാഷ്ട്രീയമായ നേട്ടമായി ചിലർ വിലയിരുത്തുന്നു. ഒപെക്ക് എണ്ണവില കൃത്രിമമായി ഉയർത്തുന്നു എന്നാരോപിച്ച് ട്രംപ് നിരന്തരം വിമർശനം ഉന്നയിച്ചിട്ടുള്ളതാണ്.

ഊർജ വിദഗ്ധർ പറയുന്നതനുസരിച്ച്, യുഎഇയുടെ ഈ തീരുമാനം ആഗോള എണ്ണവിതരണത്തിൽ കൂടുതൽ സ്വാതന്ത്ര്യം നൽകുമ്പോഴും, രാജ്യങ്ങളുടെ ദേശീയ താൽപര്യങ്ങൾ കൂട്ടായ കരാറുകളെ മറികടക്കുന്ന പുതിയ ജിയോപൊളിറ്റിക്കൽ പ്രവണതയെയും ഇത് സൂചിപ്പിക്കുന്നു.

Leave a Reply