You are currently viewing സംസ്ഥാനത്ത് വ്യാപക ലോഡ്ഷെഡിംഗ് ഇല്ല; പരിമിത നിയന്ത്രണം മാത്രം – കെഎസ്ഇബി വിശദീകരണം

സംസ്ഥാനത്ത് വ്യാപക ലോഡ്ഷെഡിംഗ് ഇല്ല; പരിമിത നിയന്ത്രണം മാത്രം – കെഎസ്ഇബി വിശദീകരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) വ്യക്തമാക്കി. ചൊവ്വാഴ്ച (28.04.2026) സംസ്ഥാനത്ത് വളരെ പരിമിതമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് ആവശ്യമായതെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.

റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോടെ ലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും, കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്ന് ലഭ്യമാക്കിയ 200 മെഗാവാട്ട് വൈദ്യുതിയും ചേർന്നതോടെ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും തടസ്സമില്ലാതെ വൈദ്യുതി വിതരണം നടത്താൻ കഴിഞ്ഞതായി കെഎസ്ഇബി അറിയിച്ചു.

വേനൽമഴ മധ്യ-തെക്കൻ മേഖലകളിൽ ലഭിച്ചിരുന്നെങ്കിലും വൈദ്യുതി ആവശ്യത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ചൊവ്വാഴ്ച സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗം 116.5 ദശലക്ഷം യൂണിറ്റായിരുന്നു.

എന്നാൽ, ഉയർന്ന ലോഡിനെ തുടർന്ന് ചില പ്രദേശങ്ങളിൽ രാത്രി സമയത്ത് പരിമിതമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നു. മലബാർ മേഖലയിൽ കാസർകോട്, മൈലാട്ടി, ചക്കിട്ടപാറ, നാദാപുരം, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങളിൽ രാത്രി 11.30ന് ശേഷം ലൈൻ ഓവർലോഡിനെ തുടർന്ന് ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം നടപ്പാക്കി. മാടക്കത്തറ–എളംകൂർ ലൈനിലെ ഓവർലോഡിനെ തുടർന്ന് അരീക്കോട്, മഞ്ചേരി മേഖലകളിലും സമാന നിയന്ത്രണം ഉണ്ടായി.

കോഴിക്കോട് കുന്നമംഗലത്തെ കിഴക്കൻ പ്രദേശങ്ങളിൽ ട്രാൻസ്ഫോർമർ ലോഡ് കൂടിയതിനെ തുടർന്ന് രാത്രി 10ന് ശേഷം അൽപ്പസമയം വൈദ്യുതി തടസ്സം അനുഭവപ്പെട്ടു. ഇതുകൂടാതെ സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി.

ഉയർന്ന ലോഡിനെ തുടർന്ന് പ്രസരണ-വിതരണ ശൃംഖലയ്ക്ക് സമ്മർദ്ദം കൂടുതലാകുന്ന സാഹചര്യത്തിൽ മാത്രം, അരമണിക്കൂറിൽ താഴെ ദൈർഘ്യമുള്ള നിയന്ത്രണം ഏർപ്പെടുത്താൻ ലോഡ് ഡെസ്പാച്ച് സെന്ററിലെ ചീഫ് എഞ്ചിനീയർക്ക് അനുമതി നൽകിയതാണെന്നും കെഎസ്ഇബി അറിയിച്ചു. ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് സംസ്ഥാനത്ത് വ്യാപക ലോഡ്ഷെഡിംഗ് നടപ്പാക്കിയെന്ന രീതിയിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൽ കെഎസ്ഇബി ഖേദം രേഖപ്പെടുത്തി.

Leave a Reply