
ചൈനയിലെ പ്രമുഖ പടക്ക നിർമാണ കേന്ദ്രമായ ലിയുയാങ് നഗരത്തിൽ പ്രവർത്തിക്കുന്ന ഹുവാഷെങ് ഫയർവർക്ക്സ് നിർമ്മാണ-പ്രദർശന കമ്പനിയിലെ പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ മരണസംഖ്യ 26 ആയി ഉയർന്നു. നിരവധി പേർക്ക് പരിക്കേറ്റതായും സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് കമ്പനിയുടെ തലവനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പടക്ക നിർമാണത്തിനായി ലോകപ്രശസ്തമായ ലിയുയാങ് നഗരം ലോകത്തിലെ ഏറ്റവും വലിയ ഫയർവർക്ക്സ് ഉൽപാദന കേന്ദ്രമായാണ് അറിയപ്പെടുന്നത്. സ്ഫോടനത്തിന്റെ ആഘാതം വ്യാപകമായതിനാൽ പ്ലാന്റിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
രക്ഷാപ്രവർത്തനങ്ങൾക്ക് 1,500-ലധികം രക്ഷാപ്രവർത്തകരെ വിന്യസിച്ചു. ഡ്രോണുകളും റോബോട്ടുകളും ഉപയോഗിച്ചായിരുന്നു തെരച്ചിലും രക്ഷാപ്രവർത്തനവും നടത്തിയത്. അപകടത്തെ തുടർന്ന് പ്രദേശത്തെ പടക്ക നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
സംഭവത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സമഗ്ര അന്വേഷണം നടത്താൻ നിർദേശം നൽകി. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച ഉണ്ടായോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണസംഘം പരിശോധിക്കുകയാണ്.