
കൊൽക്കത്ത:2026 നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് പ്രക്രിയ മുഴുവൻ ക്രമക്കേടുകൾ നിറഞ്ഞതായിരുന്നുവെന്നും ബലപ്രയോഗത്തിലൂടെ വോട്ടുകൾ കവർന്നെടുത്തതാണെന്നും അവർ ആരോപിച്ചു.

ഇന്ന് കൊൽക്കത്തയിൽ മാധ്യമങ്ങളോട് സംസാരിക്കവെ, തങ്ങളുടെ പാർട്ടി യഥാർത്ഥത്തിൽ തോറ്റിട്ടില്ലെന്ന ആത്മവിശ്വാസം മമത ബാനർജി പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പ്രവർത്തിച്ചുവെന്നും ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ “ഇരുണ്ട അധ്യായം” സൃഷ്ടിച്ചിരിക്കുകയാണെന്നും അവർ വിമർശിച്ചു.
അതേസമയം, മമത ബാനർജിയുടെ പ്രസ്താവനയെ ഭാരതീയ ജനതാ പാർട്ടി ശക്തമായി വിമർശിച്ചു. നിലവിലെ നിയമസഭയുടെ കാലാവധി മേയ് 7-ന് അവസാനിക്കുന്നതിനാൽ അവർ രാജിവെച്ചാലും ഇല്ലെങ്കിലും അതിന് ശേഷം ആരും സഭാംഗങ്ങളായി തുടരില്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
ആകാശവാണിയോട് പ്രതികരിച്ച ബിജെപി നേതാവ് ബിമൽ ശങ്കർ നന്ദി, ജനാധിപത്യത്തെ പരിഹാസ്യമായി മാറ്റാനും രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാനും മമത ബാനർജിക്ക് സാധിക്കില്ലെന്ന് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഭരണഘടനയിൽ വ്യക്തമായ വ്യവസ്ഥകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ബിജെപി പ്രവർത്തകർ തൃണമൂൽ കോൺഗ്രസ് ഓഫീസുകൾ കൈയേറുകയാണെന്ന മമത ബാനർജിയുടെ ആരോപണവും അദ്ദേഹം തള്ളി. അത് പൂർണമായും അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ബിജെപി നേതാവ് പ്രതികരിച്ചു.