You are currently viewing കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ; സത്യപ്രതിജ്ഞ ചെയ്ത് പുതിയ മന്ത്രിസഭ അധികാരമേറ്റു

കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ; സത്യപ്രതിജ്ഞ ചെയ്ത് പുതിയ മന്ത്രിസഭ അധികാരമേറ്റു

ബെംഗളൂരു: കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവായ ഡി.കെ. ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

സിദ്ധരാമയ്യ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഡോ. ജി. പരമേശ്വർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കൂടാതെ 12 നിയമസഭാംഗങ്ങളും മന്ത്രിമാരായി സത്യവാചകം ചൊല്ലി പുതിയ മന്ത്രിസഭയുടെ ഭാഗമായി.

മുഖ്യമന്ത്രിയായി അധികാരമേറ്റ ഡി.കെ. ശിവകുമാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. സാമൂഹിക മാധ്യമത്തിലൂടെ ആശംസകൾ നേർന്ന പ്രധാനമന്ത്രി, ജനക്ഷേമ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ കർണാടക സർക്കാരുമായി അടുത്ത് സഹകരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി.

സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരടക്കമുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു. കൂടാതെ തെലങ്കാന, കേരളം, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply