
വിജയ് നേതൃത്വത്തിലുള്ള ടിവികെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തമിഴ്നാട് രാഷ്ട്രീയത്തിൽ തുടരുന്നു. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാമെന്ന വിജയിന്റെ അവകാശവാദത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ പൂർണമായി വിശ്വസിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിജയ് ഗവർണറെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു. കോൺഗ്രസ് പാർട്ടി പിന്തുണ വാഗ്ദാനം ചെയ്തതായും, ചില എഐഎ ഡിഎംകെ എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കാൻ തയ്യാറാണെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ വെറും അവകാശവാദങ്ങളോ വോട്ട് ശതമാനമോ മതിയാകില്ലെന്നും, പിന്തുണക്കുന്ന എംഎൽഎമാരുടെ രേഖാമൂലമുള്ള തെളിവുകൾ സമർപ്പിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടതായാണ് വിവരം.
ഇതോടെ നാളെ നടക്കുമെന്നു കരുതിയിരുന്ന വിജയിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നീളാനിടയുണ്ടെന്ന സൂചന ശക്തമായി. തൂക്കുസഭയായതിനാൽ അടുത്ത ദിവസങ്ങളിൽ കക്ഷി ചർച്ചകളും പിന്തുണ സമാഹരണ ശ്രമങ്ങളും ശക്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.