You are currently viewing ഖാർഗ്  ദ്വീപിന്റെ സമീപത്ത് വൻ എണ്ണച്ചോർച്ച ; ഇറാന്റെ എണ്ണ സംഭരണശേഷി  കവിയുന്നതായി ആശങ്ക

ഖാർഗ് ദ്വീപിന്റെ സമീപത്ത് വൻ എണ്ണച്ചോർച്ച ; ഇറാന്റെ എണ്ണ സംഭരണശേഷി കവിയുന്നതായി ആശങ്ക

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പ്രദേശത്തുനിന്ന് വ്യാപകമായ എണ്ണ ചോർച്ച കടലിലേക്ക് പടരുന്നതായി ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. മെയ് 6-7 തീയതികളിൽ പകർത്തിയ ദൃശ്യങ്ങളിലാണ് ഹോർമോസ് കടലിടുക്ക് ഭാഗത്തേക്ക് ദക്ഷിണ ദിശയിൽ നീങ്ങുന്ന എണ്ണപ്പാടകൾ കണ്ടെത്തിയത്. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയിലെ ഏകദേശം 90 ശതമാനവും ഖാർഗ് ദ്വീപ് വഴിയാണ് നടക്കുന്നത്.

അമേരിക്കൻ നാവിക ഉപരോധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം മുടങ്ങിയതോടെ കരയിലെ സംഭരണ ടാങ്കുകൾ പകുതിയിലധികം നിറഞ്ഞിരിക്കുകയാണ്. ഇതോടെ നിരവധി ടാങ്കറുകൾ കടലിൽ തന്നെ ‘ഫ്ലോട്ടിംഗ് സ്റ്റോറേജ്’ രീതിയിൽ നിർത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

എണ്ണച്ചോർച്ചയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭരണ പ്രതിസന്ധി മൂലം ഇറാൻ മനപ്പൂർവം എണ്ണ കടലിൽ ഒഴുക്കുകയാണെന്നാണ് ചില പ്രതിപക്ഷ ഗ്രൂപ്പുകളുടെ ആരോപണം. എന്നാൽ പൈപ്പ് ലൈൻ ചോർച്ച, ടാങ്കർ തകരാർ, അല്ലെങ്കിൽ സൈനിക സംഘർഷവുമായി ബന്ധപ്പെട്ട കേടുപാടുകൾ എന്നിവയും സാധ്യതകളായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഗൾഫ് മേഖലയിലെ സമുദ്ര പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ് എണ്ണപ്പാടകൾ ഉയർത്തുന്നതെന്ന് പരിസ്ഥിതി ഗവേഷകർ മുന്നറിയിപ്പ് നൽകി. പവിഴപ്പുറ്റുകൾ, മാൻഗ്രോവ് വനങ്ങൾ, മത്സ്യ സമ്പത്ത്, കടൽജലം ശുദ്ധീകരണ പ്ലാന്റുകൾ എന്നിവയ്ക്ക് ഇത് ഗുരുതര ആഘാതമുണ്ടാക്കാമെന്നാണ് ആശങ്ക. കടൽ പ്രവാഹങ്ങളുടെ സ്വാധീനത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ എണ്ണപ്പാടകൾ യുഎഇയുടെ തീരങ്ങളിലേക്കും എത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Leave a Reply