
ഭാരതീയ ജനത പാർട്ടിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാളിലെ ആദ്യ സർക്കാർ മേയ് 9 ശനിയാഴ്ച അധികാരമേൽക്കും. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ട്ൽ നടക്കുന്ന വിപുലമായ പൊതുചടങ്ങിലാണ് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്. സംസ്ഥാനത്ത് 15 വർഷമായി തുടർന്നിരുന്ന തൃണമൂൽ കോൺഗ്രസ് ഭരണത്തിന് വിരാമമിട്ടാണ് ബിജെപി അധികാരത്തിലെത്തുന്നത്.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിi, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വിവിധ ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും പങ്കെടുക്കും. പാർട്ടി നിയമസഭാംഗങ്ങളുടെ യോഗത്തിന് ശേഷമാണ് സംസ്ഥാന ബിജെപി അധ്യക്ഷൻ സാമിക്ക് ഭട്ടാചാര്യ ചടങ്ങിന്റെ വിവരങ്ങൾ പ്രഖ്യാപിച്ചത്.

2026 ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 294 സീറ്റുകളിൽ 207 എണ്ണം നേടി ബിജെപി വൻവിജയം നേടിയിരുന്നു. ഭൂരിപക്ഷ രേഖ ഏറെ മറികടന്ന ബിജെപി, സംസ്ഥാന രാഷ്ട്രീയത്തിൽ ചരിത്രപരമായ മുന്നേറ്റമാണ് കൈവരിച്ചത്. അതേസമയം, തൃണമൂൽ കോൺഗ്രസ് ഏകദേശം 80 സീറ്റുകളിലേക്ക് ചുരുങ്ങി. ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ചടങ്ങിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ബംഗാളിലെ പ്രധാന രാഷ്ട്രീയ റാലികൾക്ക് വേദിയായ ഈ മൈതാനത്ത് പൊതുചടങ്ങായി സത്യപ്രതിജ്ഞ നടത്താനുള്ള തീരുമാനം സംസ്ഥാനത്ത് ബിജെപി നേടിയ രാഷ്ട്രീയ മുന്നേറ്റം ജനകീയ ആഘോഷമാക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
കിഴക്കൻ ഇന്ത്യയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന സംഭവവികാസമായാണ് ബിജെപിയുടെ വിജയം വിലയിരുത്തപ്പെടുന്നത്. ചടങ്ങ് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ചാണ് നടക്കുന്നത് എന്നതും പ്രത്യേക ശ്രദ്ധ നേടുന്നു.
ജനങ്ങളുടെ ആഗ്രഹങ്ങളുടെയും വികസന പ്രതീക്ഷകളുടെയും വിജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി ദേശീയ നേതാക്കൾ പ്രതികരിച്ചു. വികസനം, സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ഭരണമായിരിക്കും പുതിയ സർക്കാരിന്റേതെന്ന സൂചനകളും പാർട്ടി നേതൃത്വം നൽകുന്നുണ്ട്. മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളുടെ പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.